തൃശൂര്‍ : മദ്യത്തിന്റെ സ്റ്റോക്ക് കണക്കുകളില്‍ തിരിമറി നടത്തി ബാര്‍ ഡയറക്ടറെ പറ്റിച്ച് അമ്പതു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി തള്ളി. പീച്ചി വിലങ്ങന്നൂര്‍ കല്ലിങ്കല്‍ വീട്ടില്‍ പ്രശാന്തി (37) ന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. 2022-2023 വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തിരൂരിലെ വേലോര്‍ഡ് ബാര്‍ ആന്‍ഡ് ഹോട്ടലില്‍ മാനേജരായിരുന്നു പ്രതി. ഇയാളും അക്കൗണ്ടന്റായ കൂട്ടാളിയും ബാര്‍ ടെന്‍ഡറും സ്റ്റോക്ക് ചെയ്ത മദ്യത്തിന്റെ കണക്കുകളില്‍ തിരിമറി നടത്തുകയും സ്റ്റോക്കിലുള്ള മദ്യം കണക്കില്‍പ്പെടുത്താതെ വില്‍പ്പന നടത്തി ബാര്‍ ഡയറക്ടറെ പറ്റിച്ച് 50 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് കേസ്. തെളിവുകളായ സി.സി ടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചാണ് പ്രതികള്‍ ഒളിവില്‍ പോയത്. വിശ്വാസ വഞ്ചനയ്ക്കും പണം തട്ടിച്ചതിനുമെതിരെ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ഒളിവിലിരുന്ന പ്രതി ജില്ലാ കോടതിയില്‍ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സെഷന്‍സ് കോടതി തള്ളിയത്.