ചെന്നൈ: 50 പൈസ തിരികെ കൊടുക്കാത്തതിനെ തുടർന്ന് ഉപഭോക്താവിന് 15000 രൂപ നഷ്ടപരിഹാരം നൽകാൻ പോസ്റ്റ് ഓഫിസിനോട് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. തമിഴ്നാട്ടിലെ ഗെരുഗംപാക്കത്താണ് സംഭവം. കഴിഞ്ഞ വർഷം ഡിസംബർ മൂന്നിന് ഗെരുഗംപാക്കം സ്വദേശിയായ മനഷ പൊളിച്ചാലൂർ പോസ്റ്റ് ഓഫീസിൽ രജിസ്റ്റർ ചെയ്ത കത്ത് അയക്കാൻ എത്തിയപ്പോഴായിരുന്നു തർക്കമുണ്ടായത്. നിശ്ചിത സ്ഥലത്തേക്കുള്ള തപാൽ ഫീസ് 29.50 രൂപ ആയതിനാൽ ക്ലർക്ക് 50 പൈസ തിരികെ നൽകുമെന്ന് പ്രതീക്ഷിച്ച് അയാൾ കൗണ്ടറിൽ 30 രൂപ നൽകി.
ബാക്കി തുക തിരികെ നൽകണമെന്ന് മാനഷ നിർബന്ധിച്ചപ്പോൾ, സിസ്റ്റം ഓട്ടോമാറ്റിക്കായി തുക 30 രൂപയാക്കി മാറ്റിയെന്ന് അറിയിച്ചു. തുടർന്ന് യുപിഐ വഴി കൃത്യമായ തുക നൽകാമെന്ന് മനഷ വാഗ്ദാനം ചെയ്തു. എന്നാൽ, സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി പോസ്റ്റ് ഓഫീസ് ഇത് നിരസിച്ചു. തുടർന്നാണ് കോടതിയെ സമീപിച്ചത്.
പോസ്റ്റ് ഓഫിസിന്റെ പണം റൗണ്ടാക്കുന്ന സമ്പ്രദായം പണം തട്ടിയെടുക്കുന്നതിനും കള്ളപ്പണത്തിനും സർക്കാരിന് ജിഎസ്ടി വരുമാനം നഷ്ടപ്പെടുന്നതിനും ഇടയാക്കുമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനു നൽകിയ പരാതിയിൽ മാനഷ ചൂണ്ടിക്കാട്ടി . 50 പൈസയിൽ താഴെയുള്ള തുകകൾ അവഗണിച്ച് അടുത്തുള്ള രൂപയിലേക്ക് റൗണ്ട് ഓഫ് ചെയ്യാൻ സോഫ്റ്റ്‍വെയർ പ്രോഗ്രാം ചെയ്തിട്ടുണ്ടെന്നും പോസ്റ്റ് ഓഫീസ് വാദിച്ചു.