ചണ്ഡീഗഢ്: സ്വകാര്യ ബസ് മറിഞ്ഞ് സ്കൂൾ കുട്ടികളടക്കം 50 പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ പഞ്ച്കുള ജില്ലയിലാണ് ഇന്ന് രാവിലെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെ ചണ്ഡീഗഡ് പി.ജി.ഐ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ 40 പേർ സ്കൂൾ കുട്ടികളാണ്. ബസിൽ അമിതമായി ആളുകളെ കയറ്റിയതും അമിത വേഗവും റോഡിന്‍റെ ശോച്യാവസ്ഥയുമാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം. ഒരു വളവിന് സമീപം മിനി ബസ് മറിയുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാരും പൊലീസും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. 30 കുട്ടികളെ പഞ്ച്കുളയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവർ പിഞ്ചോറിൽ നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു. എല്ലാ കുട്ടികളും സുരക്ഷിതരാണെന്നും ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നും പൊലീസ് അറിയിച്ചു.
പഞ്ച്കുളയിലെ ഒരു ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. സംഭവത്തിൽ ബസിൻ്റെ ഡ്രൈവറെയും കണ്ടക്ടറെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പഞ്ച്കുളയിലെ കോൺഗ്രസ് എം.എൽ.എ പ്രദീപ് ചൗധരി അറിയിച്ചു.