റിയാദ്: സൗദി അറേബ്യയിൽ ഇനി കണ്ണട മേഖലയിലെ ചില തസ്തികകളിൽ പകുതിയും സ്വദേശികൾക്കായിരിക്കും. മെഡിക്കൽ ഒപ്‌റ്റോമെട്രിസ്റ്റ്, കണ്ണട ടെക്‌നീഷ്യൻ എന്നീ ജോലികൾ 50 ശതമാനം സ്വദേശികൾക്കായി നിജപ്പെടുത്തിയ തീരുമാനം ശനിയാഴ്ച (മാർച്ച് 18) മുതൽ പ്രാബല്യത്തിലായി. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഈ തീരുമാനം ബാധകമാണെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
ആദ്യഘട്ടമായാണ് രണ്ട് ജോലികളിൽ മാത്രം സ്വദേശിവത്കരണം നടപ്പാക്കുന്നത്. അടുത്ത ഘട്ടങ്ങളിൽ കൂടുതൽ തസ്തികകളിലേക്ക് വ്യാപിപ്പിക്കും. ആദ്യഘട്ടം നടപ്പാക്കാൻ മന്ത്രാലയം നിശ്ചയിച്ച കാലാവധി കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. ഈ മേഖലയിൽ നാലോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യസ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്. സൗദി കമീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റിയിൽ നിന്ന് പ്രഫഷനൽ അക്രഡിറ്റേഷൻ ഉള്ളവരെയാണ് ഈ തസ്തികകളിൽ നിയമിക്കേണ്ടത്. ഈ ജോലികളിലെ കുറഞ്ഞ വേതനം 5,500 റിയാലാണ്. തീരുമാനം നടപ്പാകുന്നതോടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി ആയിരത്തിലധികം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.