മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ഭാര്യ അമൃത ഫഡ്നവിസിന്റെ ഫേസ്ബുക്ക് പേജിൽ അസഭ്യം കമന്റ് ചെയ്തതിന് 50 കാരി അറസ്റ്റിൽ. ചൊവ്വാഴ്ച സൈബര്‍ പൊലീസ് വിഭാഗമാണ് സ്മൃതി പഞ്ചൽ എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തത്. പല ഫേക്ക് അക്കൗണ്ടുകളിൽ നിന്നായി ഇവര്‍ അമൃതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പല വിധത്തിലുള്ള അസഭ്യം കമന്റുചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ ഇത് തുടരുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
സ്മൃതി പഞ്ചലിന് 53 ഫേക്ക് അക്കൗണ്ടുകളാണ് ഉള്ളത്. 13 ജിമെയിൽ അക്കൗണ്ടുകളുമുണ്ട്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ സ്മൃതി പഞ്ചലിനെ വ്യാഴാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരുടെ സൈബര്‍ ആക്രമണത്തിന്റെ കാരണം പൊലീസ് അന്വേഷിച്ച് വരികയാണ്. ഐടി ആക്ട് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് സ്മൃതി പഞ്ചലിനെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ, അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ പരിഹസിച്ച് ദേവേന്ദ്ര ഫഡ്നവിസിന്റെ ഭാര്യ അമൃത ഫഡ്നവിസ് നടത്തിയ ട്വീറ്റ് വിവാദമായിരുന്നു. ട്വീറ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ ഉടൻ തന്നെ അവർ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ഹിന്ദിയിൽ “ഏക് ‘ഥാ’ കപതി രാജ… (ഒരിക്കൽ ഒരു ദുഷ്ടനായ രാജാവുണ്ടായിരുന്നു) എന്നായിരുന്നു അമൃതയുടെ ട്വീറ്റ്. ഇതിൽ താ എന്ന അക്ഷരത്തിന് ഉദ്ധരണി ചിഹ്നവും നൽകിയിരുന്നു.
ശിവസേനയ്ക്കെതിരെ ശക്തമായ ട്വീറ്റുകളാണ് അമൃതയുടെ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ശിവസേനയെ ശവ്‌സേനയെന്ന് വിളിച്ചതും വിവാദമായിരുന്നു. 2020 ൽ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ തോല്‍വിയെ തുടര്‍ന്നാണ് പാര്‍ട്ടിയെ ശവ്‌സേനയെന്ന് അമൃത ഫഡ്‌നവിസ് വിശേഷിപ്പിച്ചത്. അമൃതയുടെ പരാമര്‍ശത്തിന് മറുപടിയുമായി ശിവസേനയും രംഗത്തെത്തി. സ്വന്തം പേരിലെ ‘എ’ വിട്ടുകളയരുതെന്നും നിങ്ങളുടെ പേരിലെ ‘എ’ എന്ന അക്ഷരം എത്ര വിലപ്പെട്ടതാണെന്ന് തിരിച്ചറിയണമെന്നും ശിവസേന വക്താവ് നീലം ഗോര്‍ഹെ മറുപടിയും നൽകിയിരുന്നു. അമൃതയുടെ സ്‌പെല്ലിംഗില്‍ നിന്ന് ‘എ’ വിട്ടുകളഞ്ഞാല്‍ മൃതം(മരിച്ചത്) എന്നാണ് മറാഠിയില്‍ അര്‍ത്ഥം.