ലഖ്നോ: കൊടുംചൂടിൽ യു.പിയിലെ ബല്ലിയ ജില്ലയിൽ 72 മണിക്കൂറിനിടെ 54 പേർ മരിച്ചു. 400ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണകാരണം പലതാണെങ്കിലും ഉയർന്ന ചൂടും കാരണമായെന്ന് ഡോക്ടർമാർ പറയുന്നു. ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണ് യു.പിയിൽ. പലയിടത്തും 40 ഡിഗ്രിക്ക് മുകളിലാണ് താപനില.
പനി, ശ്വാസതടസം, മറ്റ് ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവയുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. ആശുപത്രികൾക്ക് ആവശ്യമായ മുൻകരുതലെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ജൂൺ 15ന് 23 പേർ, 16ന് 20, ഇന്നലെ 11 എന്നിങ്ങനെയാണ് ബല്ലിയ ജില്ല ആശുപത്രിയിൽ മരിച്ചവരുടെ കണക്ക്. സാഹചര്യം സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രി ബ്രിജേഷ് പതക് പറഞ്ഞു. മരിച്ച പലർക്കും നേരത്തെ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെന്നും എന്നാൽ, ചൂട് വർധിച്ചതോടെ നില വഷളാവുകയായിരുന്നെന്നും അധികൃതർ പറയുന്നു.