താമരശ്ശേരി : കോടികൾ വില മതിക്കുന്ന തിമിംഗല ഛർദ്ദിയുമായി(ആംബർഗ്രിസ്) രണ്ടുപേർ അറസ്റ്റിൽ. കൊടുവള്ളി കിഴക്കോത്ത് സ്വദേശി അജ്മൽ റോഷൻ, ഓമശ്ശേരി സ്വദേശി സഹൽ എന്നിവരെയാണ് കോഴിക്കോട് എൻ.ജി.ഒ ക്വാട്ടേഴ്സ് പരിസരത്തുനിന്ന് വനപാലകർ പിടികൂടിയത്. വനപാലകരെ കണ്ട് കാറുമായി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
വിദേശത്ത്നിന്നും എത്തിച്ച നാലര കിലോ ആംബർഗ്രിസാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് ഡി.എഫ്.ഒ. കെ.കെ സിനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ എം.കെ. രാജീവ് കുമാർ, ഫ്ളയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ പി പ്രഭാകരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കിലോക്ക് 55 ലക്ഷം രൂപ വില നിശ്ചയിച്ച് ഇവ കൈമാറാനുള്ള ശ്രമത്തിനിടെ വനപാലകർ ഇവരുടെ കാർ വളയുകയായിരുന്നു. ഇതോടെ ആംബർഗ്രിസുമായി അജ്മാൽ റോഷൻ കാറിൽ നിന്ന് ആദ്യം പുറത്തിറങ്ങി. പിന്നാലെ സഹൽ കാറുമായി രക്ഷപ്പെട്ടു. ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചപ്പോൾ കാർ മതിലിൽ ഇടിച്ചു. ഇറങ്ങി ഓടിയ സഹലിനെ വനപാലകർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. വിദേശത്ത് നിന്നാണ് ആംബർഗ്രിസ് എത്തിച്ചതെന്നാണ് ഇവർ മൊഴി നൽകിയത്.
സ്പേം വെയിൽ വിഭാഗത്തിൽപ്പെടുന്ന തിമിംഗലങ്ങൾ പുറം തള്ളുന്ന ആംബർഗ്രിസിന് വിപണിയിൽ കോടിക്കണക്കിനു രൂപ വിലയുണ്ട്.ഈ തിമിംഗലങ്ങൾ വംശനാശ ഭീഷണി നേരിടുന്നവയായതിനാൽ ആംബർഗ്രിസ് വിൽപന ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ 2 പ്രകാരം കുറ്റകരമാണ്. ഇന്ത്യയിൽ ഇത് കൈവശംവെക്കുന്നത് ഏഴ് വർഷം വരെ തടവ് കിട്ടാവുന്ന ശിക്ഷയാണെന്ന് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ എം കെ രാജീവ് കുമാർ പറഞ്ഞു. പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി.