തിരുവനന്തപുരം: ചുമട്ടുതൊഴിലാളിയായ ബാബു ലാല്‍ എന്നെങ്കിലും തന്നെ ഭാഗ്യദേവത തേടിവരുമെന്ന പ്രതീക്ഷയില്‍ ലോട്ടറി എടുക്കുന്നത് പതിവായിരുന്നു. ഇക്കുറി കൈയ്യില്‍ പണമില്ലാത്തതിനാല്‍ ആദ്യം ലോട്ടറി എടുക്കേണ്ടെന്ന് കരുതി, പിന്നീട് കടമായി വാങ്ങിയ ലോട്ടറി ടിക്കറ്റിന് ലഭിച്ചത് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. കഴക്കൂട്ടം ആറ്റിന്‍കുഴി തൈക്കുറുമ്പില്‍ വീട്ടില്‍ ചുമട്ടതൊഴിലാളിയായ 55 വയസുകാരൻ ബാബുലാലിന് ആണ് ഇക്കുറി ഭാഗ്യ ദേവത കേരള സംസ്ഥാന സ്ത്രീശക്തി ലോട്ടറിയുടെ രൂപത്തിൽ എത്തിയത്.
വർഷങ്ങളായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന ശീലമുള്ള ബാബുലാലിന് ചെറിയ തുകകൾ മുൻപ് അടിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും വലിയ തുക ലഭിക്കുന്നത്. ചൊവ്വാഴ്ച രാവിലെ പതിവ് പോലെ യൂണിയന്‍ ഓഫീസിൽ ജോലിക്ക് എത്തിയ ബാബുലാലിന്‍റെ അടുത്ത് ഒരു ലോട്ടറി ഏജന്‍റെത്തി. കഠിനംകുളം ചാന്നാങ്കരയിൽ നിന്നെത്തി ആറ്റിന്‍കുഴിയില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന യുവതി താന്‍ കുറച്ച് ടിക്കറ്റ് മാത്രമേ വിറ്റുള്ളു എന്നും ഒരു ടിക്കറ്റ് എടുത്ത് സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു. ആറ്റിൻകുഴിയിലെ സിഐടിയു യൂണിയനിലെ അംഗമായ ബാബുവും കൂട്ടുകാരും യുവതിയില്‍ നിന്നാണ് പതിവായി ടിക്കറ്റെടുത്തിരുന്നത്.
തന്റെ കൈയിൽ പണിമില്ലെന്ന് ബാബുലാൽ പറഞ്ഞെങ്കിലും പണം പിന്നീട് വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞ് യുവതി രണ്ട് ടിക്കറ്റ് ബാബുലാലിനെ ഏല്‍പിക്കുകയായിരുന്നു. 40 രൂപയാണ് ഒരു ടിക്കറ്റിന്‍റെ വില. ഇതിൽ SE 989926 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. അപ്രതീക്ഷിതമായി ഭാഗ്യം തേടിയെത്തിയ അമ്പരപ്പിലാണ് ബാബുലാലിപ്പോള്‍. ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് കനറാ ബാങ്ക് കഴക്കൂട്ടം ശാഖയില്‍ ഏല്‍പിച്ചുവെന്ന് ബാബുലാല്‍ പറഞ്ഞു.
നിർദ്ധന കുടുംബത്തിൽപ്പെട്ട ബാബുലാൽ ചെറുപ്പം മുതല്‍ ചുമടെടുത്താണ് കുടുംബം പോറ്റുന്നത്. ബാബുലാലിന്‍റെ ഭാര്യ ശോഭന വീട്ടു ജോലികൾക്കു പോകുന്നുണ്ട്. നാലര സെന്‍റ് സ്ഥലത്ത് ബാബുലാലിന്‍റേയും അമ്മാവന്‍റേയും അനുജന്‍റേയും കുടുംബം ഒന്നിച്ചാണ് താമസിക്കുന്നത്. ഓട്ടോറിക്ഷ ഡ്രൈവർ അജയലാൽ, അഖിൽലാൽ എന്നിവർ മക്കളാണ്.