ആലപ്പുഴ: കായംകുളം എരുവയിൽ വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന 5500 കിലോ റേഷൻ അരി പിടിച്ചെടുത്തു. സിവിൽ സപ്ലൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അരി പിടികൂടിയത്. 118 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പച്ചരിയും കുത്തരിയുമാണ് പിടികൂടിയത്. റസീൽ എന്നയാൾ വാടകക്ക് എടുത്തിരുന്ന വീട്ടിൽ നിന്നാണ് അരി പിടികൂടിയത്. റേഷൻ കട നടത്തിവന്നിരുന്ന ഇയാളുടെ ലൈസൻസ് അനധികൃതമായി അരി സൂക്ഷിച്ചതിന്‍റെ പേരിൽ രണ്ട് മാസം മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു. സിവിൽ സപ്ലെസ് സംസ്ഥാന വിജിലൻസ് ഓഫീസർ അനിദത്തിന്‍റെ നേതൃത്തലായിരുന്നു പരിശോധന.
എഫ്സിഐ ചാക്കുകളിൽ നിന്നും മറ്റു ചാക്കുകളിലേക്ക് മാറ്റിയ രീതിയിലാണ് അരിയുണ്ടായിരുന്നതെന്ന് സിവിൽ സപ്ലെസ് തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസർ സി വി മോഹൻ കുമാർ പറഞ്ഞു. സിവിൽ സപ്ലൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് അരി പിടിച്ചെടുത്തത്.പൊതുവിതരണത്തിന് എത്തിക്കുന്ന അരി പോളിഷ് ചെയ്തും പൊടിയാക്കിയും വിൽക്കുന്ന സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.