മുംബൈ: വ്യവസായി മുകേഷ് അംബാനിയെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ആശുപത്രിയിലേക്ക് ഫോൺ വിളിച്ചത് സൗത്ത് മുംബൈയിലെ ജ്വല്ലറി വ്യാപാരി. വ്യാജ പേരിൽ എട്ടുതവണയാണ് ഇയാൾ വിളിച്ചത്. വിഷ്‌ണു ഭൗമിക് എന്നയാളാണ് ഫോൺ കോളിന് പിന്നിലെന്ന് സംശയിക്കുന്നതായും ഇയാൾ ‘അഫ്‌സൽ’ ആണെന്ന് പറഞ്ഞാണ് വിളിച്ചതെന്നും പൊലീസ് പറഞ്ഞു. പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. വ്യവസായിയായ മുകേഷ് അംബാനിക്കും കുടുംബത്തിനും തിങ്കളാഴ്ചയാണ് ഫോണിൽ ഒന്നിലധികം ഭീഷണി കോളുകൾ വന്നത്. റിലയൻസ് ഫൗണ്ടേഷന്റെ ഹാർസ്കിസൻദാസ് ഹോസ്പിറ്റലിലെ നമ്പറിൽ രാവിലെ 10:30 ഓടെയാണ് കോളുകൾ വന്നത്. 56 കാരനായ ഭൗമിക് ഭീഷണി കോളുകളിൽ ധീർബുഭായ് അംബാനിയുടെ പേരും ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു.
ദഹിസർ സ്വദേശിയായ ഭൗമിക്കിന്റെ ക്രിമിനൽ റെക്കോർഡ് പോലീസ് പരിശോധിച്ചുക്കുകയാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 506(2) പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ചില കേന്ദ്ര ഏജൻസികളും കേസിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാൾ മുകേഷ് അംബാനിയെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുതെന്ന് സിപി നിലോത്പാൽ പറഞ്ഞു.
പൊലീസ് ഇപ്പോൾ പ്രതിയെ അന്വേഷിക്കുകയാണെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച എസ്‌യുവി മുംബൈയിലെ അംബാനിയുടെ വസതിയായ ആന്റിലിയയ്ക്ക് സമീപം കണ്ടെത്തിയിരുന്നു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ചിലരെ അറസ്റ്റ് ചെയ്തു. അംബാനി കുടുംബത്തിനെതിരായ ഭീഷണിക്കത്തും ഈ കാറിൽ നിന്ന് ലഭിച്ചിരുന്നു. അംബാനിയുടെ വീടിന് മുന്നിൽ കണ്ട സ്കോര്‍പ്പിയോയുടെ ഉടമയായ താനെ കേന്ദ്രീകരിച്ചുള്ള ബിസിനസുകാരൻ മൻസുഖ് ഹിരെൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചതോടെ അന്വേഷണം എൻഐഎയ്ക്ക് കൈമാറി. ഒരാഴ്ച മുമ്പ് വാഹനം മോഷണം പോയെന്നായിരുന്നു അദ്ദേഹം അവകാശപ്പെട്ടിരുന്നത്. പിന്നീട് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തി. രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ആസ്തി ഏഴ് ലക്ഷം കോടി രൂപയാണെന്നാണ് കണക്ക്.