കാസര്‍കോട്: ജില്ലയില്‍ മൂന്നിടത്തായി വൻകുഴൽ പണവേട്ട. ഇതുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാസർകോട് നഗരത്തിൽ ചെമ്മനാട് പാലത്തിനു സമീപം കെ.എസ്.ടി.പി റോഡ്, ഫോർട്ട് റോഡിൽ എന്നിവിടങ്ങളിൽ നിന്നാണ് കുഴൽ പണം പിടികൂടിയത്.
കെ.എസ്.ടി.പി റോഡിൽനിന്ന് 30 ലക്ഷം രൂപ പിടികൂടി. ചെങ്ങള ചേരൂരിലെ അബ്ദുൽ ഖാദർ മഹശൂഫിനെ (35) അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് ബൈക്കില്‍ വരികയായിരുന്നു ഇയാൾ. ഫോർട്ട് റോഡിൽ നടത്തിയ പരിശോധനയിൽ 9.18 ലക്ഷം രൂപയുമായി ബങ്കാരക്കുന്ന് സ്വദേശി മുഹമ്മദ് ഷാഫി (46), നായന്മാർമൂല സ്വദേശി എം.എ. റഹ്മാൻ (51) എന്നിവരാണ് പിടിയിലായത്.
ഫോര്‍ട്ട് റോഡില്‍ പണം കൈമാറാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്. കാസർകോട് ഡിവൈ.എസ്.പി പി.കെ. സുധാകരൻ, ഇൻസ്പെക്ടർ പി. അജിത് കുമാർ, എസ്.ഐ വിഷ്ണുപ്രസാദ്, സ്ക്വാഡ് അംഗങ്ങളായ രാജേഷ് കാട്ടമ്പള്ളി, നിതിന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൽ നിന്ന് പണവുമായി ഇവർ അറസ്റ്റിലായത്.
നീലേശ്വരം: പൊലീസ് നടത്തിയ പരിശോധനയിൽ 18 ലക്ഷം രൂപയുടെ കുഴൽപണവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പുഞ്ചാവി ഒഴിഞ്ഞ വളപ്പ് സ്വദേശി കെ.കെ. ഇർശാദ് (33) ആണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാലകൃഷ്ണന് നായരുടെയും നീലേശ്വരം എസ്.ഐ കെ. ശ്രീജേഷിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.
അബൂബക്കർ കല്ലായി, നികേഷ്, പ്രണവ്, വിനോദ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഓപറേഷൻ ക്ലീൻ കാസർകോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് പൊലീസ് പരിശോധന നടത്തിയത്.