ന്യൂഡൽഹി : 5ജിയുടെ മുന്നോടിയായി ഇലക്ട്രിക് പോസ്റ്റുകൾ, മെട്രോ പില്ലറുകൾ, ട്രാഫിക് ലൈറ്റുകൾ, വഴിവിളക്കുകൾ എന്നിവയെ മിനി ടെലികോം ടവറുകളാക്കുന്ന (സ്മോൾ സെൽ) പ്രക്രിയയുടെ ഭാഗമാകാൻ താൽപര്യമറിയിച്ച് കെഎസ്ഇബി. കേരളത്തിലെ ഇലക്ട്രിക് പോസ്റ്റുകൾ സ്മോൾ സെല്ലുകളാക്കി മാറ്റാൻ കെഎസ്ഇബി സന്നദ്ധത അറിയിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ചെയർമാൻ പി.ഡി.വഗേല പറഞ്ഞു. ടെലികമ്യൂണിക്കേഷൻസ് വകുപ്പിന്റെ സീനിയർ ഡപ്യൂട്ടി ഡയറക്ടർ ജനറൽ അധ്യക്ഷനും കെഎസ്ഇബി, മൊബൈൽ കമ്പനികളുടെ കൂട്ടായ്മയായ സെല്ലുലർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ) തുടങ്ങിയവയുടെയും പ്രതിനിധികൾ അടങ്ങിയ സമിതി ഇലക്ട്രിക് പോസ്റ്റുകളെ കുഞ്ഞൻ ടെലികോം ടവറുകളായി മാറ്റുന്നത് സംബന്ധിച്ച പദ്ധതിരേഖ തയാറാക്കിയതായി സിഒഎഐ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.