ആഗ്ര(ഉത്തര്‍പ്രദേശ്): ആഗ്രയിൽ 12 കാരിയുടെ സ്വകാര്യ വീഡിയോ പകർത്തി കൗമാരക്കാർ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയതായി കേസ്. വ്യവസായിയുടെ മകളായ 12 വയസ്സുകാരിയെയാണ് കുട്ടികൾ ഭീഷണിപ്പെടുത്തി പണം തട്ടിയത്. വീട്ടിൽ നിന്ന് പണം കാണാതായതോടെയാണ് കുട്ടിയുടെ അച്ഛൻ സംഭവം ശ്രദ്ധിക്കുന്നത്. ഒരു മാസത്തിനുള്ളിൽ വീട്ടിൽ സൂക്ഷിച്ച 6.8 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഏറെ അന്വേഷിച്ചിട്ടും മോഷ്ടാവാരെന്ന് കണ്ടെത്താൻ വീട്ടുകാർ കഴിഞ്ഞില്ല. കള്ളൻ കയറിയതിന്റെ ലക്ഷണമൊന്നും കണ്ടില്ല. വീട്ടിലുള്ള ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് സംശയിച്ചതോടെ നിരീക്ഷണം ശക്തമാക്കി. ഒടുവിൽ എല്ലാവരെയും ഞെട്ടിച്ച് മകളാണ് പണം മോഷ്ടിക്കുന്നതെന്ന് വീട്ടുകാർ കണ്ടെത്തി.
ചോദ്യം ചെയ്യലിലാണ് പെൺകുട്ടി കാര്യങ്ങൾ തുറന്ന് പറഞ്ഞത്. തന്റെ സ്വകാര്യ വീഡിയോ ഒരു സംഘം ആൺകുട്ടികൾ ഫോണിൽ പകർത്തിയെന്നും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നും കുട്ടി പറഞ്ഞു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ വിവരം നൽകി. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടർന്ന് ബിഎൻഎസ് സെക്ഷൻ 308 (1) പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ആഗ്ര ഡിസിപി സൂരജ് റായ് പറഞ്ഞു. പെൺകുട്ടി സ്‌കൂളിലെ കൗമാരക്കാരിലൊരാളുമായി സൗഹൃദത്തിലായിരുന്നെന്നും ഈ കുട്ടിയാണ് വീഡിയോ പകർത്തിയതെന്നും പൊലീസ് പറഞ്ഞു.