ലഖ്നോ: ഹാഥറസിൽ പ്രാർഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും 121 പേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ചടങ്ങിന്റെ സംഘാടക സമിതിയിൽ ഉണ്ടായിരുന്ന നാല് പുരുഷന്മാരും രണ്ട് സ്തീകളുമാണ് അറസ്റ്റിലായത്. യായ ചടങ്ങിന്റെ ‘മുഖ്യ സേവദാർ’ ദേവ്പ്രകാശ് മധുകർ ഒളിവിലാണ്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വയം പ്രഖ്യാപിത ആൾദൈവമായ സാകർ വിശ്വഹരി എന്ന ഭോലെ ബാബയുടെ നേതൃത്വത്തിലാണ് പ്രാർഥന ചടങ്ങ് നടന്നത്. ഭോലെ ബാബയെ ആവശ്യമെങ്കിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ പേര് ഇതുവരെ എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടില്ല. ഇയാളുടെ പേരിൽ ക്രിമിനൽ കുറ്റങ്ങളുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ, കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
മരിച്ചവരിൽ ഏഴ് കുട്ടികളും ഒരു പുരുഷനുമൊഴികെ എല്ലാവരും സ്ത്രീകളാണ്. 28 പേർക്ക് പരിക്കുണ്ട്. മരിച്ചവരിൽ നാലു പേരൊഴികെ എല്ലാവരെയും തിരിച്ചറിഞ്ഞു. നാല് ഹരിയാന സ്വദേശികളും മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമൊഴികെ ബാക്കിയെല്ലാം ഉത്തർപ്രദേശുകാരാണ്.പരമാവധി 80,000 പേർക്ക് പങ്കെടുക്കാനുള്ള അനുമതി നൽകിയിടത്ത് രണ്ടര ലക്ഷം പേരാണ് ചടങ്ങിനെത്തിയത്. ബാബയുടെ കാൽചുവട്ടിലെ മണ്ണ് ശേഖരിക്കാനായി തിരക്ക് കൂട്ടിയതാണ് ദുരന്തത്തിൽ കലാശിച്ചത്.