ലഖ്നൗ: നബിദിനാഘോഷം കഴിഞ്ഞ് മടങ്ങവെ വൈദ്യുതാഘാതമേറ്റ് അഞ്ച് കുട്ടികളടക്കം ആറ് പേർ മരിച്ചു. ഉത്തർപ്രേദേശിലെ ബഹ്റൈച്ച് ജില്ലയിലെ മസുപൂർ ഗ്രാമത്തിലാണ് സംഭവം.ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം. ഭഗ്ദവ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
അഷ്റഫ് അലി (30), സുഫിയാൻ (12), മുഹമ്മദ് ഇൽയാസ് (16), തബ്‌രീസ് (17), അറഫാത്ത് (10), ഇദ്‌രീസ് (12) എന്നിവരാണ് മരിച്ചത്. മുറാദ് ഖാൻ (18), ചാന്ദ് ബാബു (18) എന്നിവർക്കാണ് പരിക്കേറ്റത്. ലഖ്നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നബിദിനാഘോഷ പരിപാടികൾ അവസാനിച്ചത്. ശേഷം യുവാക്കളും കുട്ടികളുമടങ്ങുന്ന സംഘം പതാക കെട്ടിയ ഇരുമ്പ് പൈപ്പ് ഘടിപ്പിച്ച കൈവണ്ടിയുമായി നൻപാറ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മസുപൂർ ഗ്രാമത്തിലേക്ക് ഘോഷയാത്രയായി പോവുകയായിരുന്നു. മസുപൂരിൽ എത്തിയപ്പോൾ ഇരുമ്പ് പൈപ്പ് റോഡരികിലെ 11000 വോൾട്ടിന്റെ വൈദ്യുത കമ്പിയിൽ തട്ടി വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. അഞ്ച് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽവെച്ചുമാണ് മരിച്ചത്. മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.
മരണത്തിൽ ആദരാഞ്ജലികൾ അറിയിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ മജിസ്ട്രേറ്റിനും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ആവശ്യമായ നടപടികൾ സ്വീകരിക്കാനും വീട്ടുകാർക്ക് വേണ്ട സഹായം നൽകാനും നിർദേശിച്ചു.