കാൻഡി∙ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ– നേപ്പാൾ മത്സരത്തിനിടെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം ഉയർത്തിയവർക്കു നേരെയാണു താൻ പ്രതികരിച്ചതെന്ന് മുൻ ഇന്ത്യൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. വിരാട് കോലിക്കായി ചാന്റ് ചെയ്തവർക്കു നേരെ ഗംഭീർ അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപിച്ച് ആരാധകർ രംഗത്തെത്തിയിരുന്നു. സ്റ്റേഡിയത്തിൽനിന്നു മടങ്ങുന്ന ഗംഭീറിന്റെ ദൃശ്യങ്ങളും വൈറലായി. അതിനു പിന്നാലെയാണു ഗംഭീറിന്റെ വിശദീകരണമെത്തിയത്.രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചവർക്കെതിരായ സ്വാഭാവിക പ്രതികരണം മാത്രമാണു തന്റേതെന്നാണു ഗംഭീറിന്റെ നിലപാട്. ‘‘സമൂഹമാധ്യമങ്ങളിൽ കാണുന്ന കാര്യങ്ങൾ ശരിയല്ല. ആളുകൾ അവർക്ക് ആവശ്യമുള്ളതു മാത്രമാണു കാണിക്കുന്നത്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയർത്തുമ്പോഴും കശ്മീരിനെക്കുറിച്ചു സംസാരിച്ചാലും ചിരിച്ചുകൊണ്ടു പോകാൻ എനിക്കു സാധിക്കില്ല. ആരായാലും പ്രതികരിക്കും. അതാണു നടന്നത്.’’– ഗംഭീർ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
‘‘ഗാലറിയിലുണ്ടായിരുന്ന പാക്കിസ്ഥാനികള്‍ ഇന്ത്യയ്ക്കെതിരെ സംസാരിക്കുകയായിരുന്നു. കശ്മീരിനെക്കുറിച്ചും പറയുന്നുണ്ടായിരുന്നു. അതു കേട്ടപ്പോഴുള്ള സ്വാഭാവിക പ്രതികരണമാണു നടത്തിയത്. എന്റെ രാജ്യത്തിനെതിരായ കാര്യങ്ങൾ വെറുതെ കേട്ടിരിക്കാനാകില്ല. അതുകൊണ്ടാണു പ്രതികരിച്ചത്.’’– ഗൗതം ഗംഭീർ പറഞ്ഞു. ആരാധകർ കോലി, കോലി ചാന്റ് മുഴക്കുമ്പോൾ ഗംഭീർ കയ്യുയർത്തി അശ്ലീല ആംഗ്യം കാണിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഈ വിഡിയോ വ്യാജമാണെന്ന് ഗംഭീറിനെ പിന്തുണയ്ക്കുന്നവർ പറയുന്നു.