ഇസ്‍ലാമാബാദ്: പാകിസ്താനിൽ 1150 അടി ഉയരത്തിൽ കേബിൽ കാറിൽ ആറു കുട്ടികളടക്കം എട്ടുപേർ കുടുങ്ങി. ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലെ നദിക്കു മുകളിൽ സ്ഥാപിച്ച കേബിൾ കാറിന്‍റെ പ്രവർത്തനമാണ് പാതിവഴിയിൽ നിലച്ചത്.സ്കൂളിൽ പോകാനായാണ് കുട്ടികൾ കേബിൾ കാറിൽ കയറിയത്. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് സംഭവം. പാകിസ്താൻ കാവൽ പ്രധാനമന്ത്രി മന്ത്രി അൻവാറുൽ ഹഖ് കാകർ ഹെലികോപ്ടറിൽ കുടുങ്ങികിടക്കുന്നവരെ രക്ഷപ്പെടുത്താൻ നിർദേശം നൽകി. എന്നാൽ, ഹെലികോപ്ടർ എത്തിയെങ്കിലും ഒന്നും ചെയ്യാനാകാതെ മടങ്ങി. കുടുങ്ങി കിടക്കുന്നവരെ ഇതുവരെ രക്ഷപ്പെടുത്താനായിട്ടില്ല.
പാകിസ്താനിലെ മലയോര മേഖലകളിൽ യാത്രക്കായി ഇത്തരം കേബിൽ കാറുകൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ദൈവത്തെ ഓർത്ത് ഞങ്ങളെ രക്ഷിക്കണമെന്ന് കേബിൾ കാറിൽ കുടുങ്ങി കിടക്കുന്ന ഗുൾഫ്രാസ് എന്ന വ്യക്തി പാകിസ്താൻ ടെലിവിഷൻ ചാനലായ ഫോണിലൂടെ പറഞ്ഞു.
കേബിൾ കാറിൽ കുടങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് അഞ്ചുമണിക്കൂറിൽ അധികമായി. അവസ്ഥ വളരെ മോശമാണ്. ഒരാൾ ബോധംകെട്ടു വീണു. ഒരു ഹെലികോപ്ടർ വന്നെങ്കിലും പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തിരിച്ചുപോയതായും ഗുൾഫ്രാസ് പറയുന്നു. ഹെലികോപ്ടറിന്റെ സഹായമില്ലാതെ രക്ഷാപ്രവർത്തനം നടത്താൻ സാധ്യമല്ലെന്നു ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഹമദ് ഹൈദർ പറഞ്ഞു.