വയനാട്: നടവയൽ നെയ്ക്കുപ്പ കോളനിയിലെ മൂന്ന് ആദിവാസി കുട്ടികളെ വടി കൊണ്ട് ക്രൂരമായി മര്‍ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തില്‍ പ്രതി പിടിയിൽ. പരിക്കേറ്റ കുട്ടികളുടെ അയൽവാസി രാധാകൃഷ്ണനെയാണ് കേണിച്ചിറ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ഇന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കൃഷിയിടത്തിലെ വരമ്പ് നശിപ്പിച്ചെന്ന് ആരോപിച്ച് മൂന്ന് കുട്ടികളെ രാധാകൃഷ്ണൻ വടി കൊണ്ട് അടിച്ചത്. മർദ്ദനത്തിൽ കുട്ടികളുടെ പുറത്തും കാലിനും പരിക്കേറ്റിരുന്നു. പ്രതിക്കെതിരെ എസ്‍സി എസ്ടി അതിക്രമ നിരോധന നിയമ പ്രകാരമാണ് കേസെടുത്തത്. സംഭവത്തിൽ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ വയനാട് ശിശുസംരക്ഷണ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ചൈൽഡ് ലൈൻ കോളനിയിലെത്തി മർദനമേറ്റ കുട്ടികൾക്ക് കൗൺസിലിംഗ് നൽകിയിരുന്നു.
കൃഷിയിടത്തിലൂടെ നടന്നതിനാണ് മർദ്ദിച്ചതെന്നായിരുന്നു പരാതി. സംഭവത്തിൽ കുട്ടികളുടെ അയൽവാസി രാധാകൃഷ്ണനെതിരെ കേണിച്ചിറ പൊലീസ് പരാതി ലഭിച്ച ഉടൻ തന്നെ കേസെടുത്തിരുന്നു. ആറ് വയസുള്ള മൂന്ന് കുട്ടികൾക്കാണ് മർദനമേറ്റത്. കൃഷിയിടത്തിലെ വരമ്പ് നശിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു മർദനമെന്ന് കുട്ടികൾ പറയുന്നു.
നടവയൽ നെയ്ക്കുപ്പ ആദിവാസി കോളനികടത്തുള്ള കൃഷിയിടത്തിൽ കുട്ടികൾ കളിക്കുകയായിരുന്നു. ഈ സമയം അയൽവാസി രാധാകൃഷ്ണൻ വടിയെടുത്ത് കുട്ടികളെ അടിച്ച് ഓടിക്കുകയായിരുന്നു. ഒന്നാം ക്ലാസിൽ പഠിക്കുന്ന മൂന്ന് കുട്ടികൾക്കാണ് മർദനമേറ്റത്. കുട്ടികളുടെ പുറത്തും കാലിനും പരിക്കേറ്റിരുന്നു.
മാതാപിതാക്കളുടെ പരാതിയിലാണ് അയൽവാസി രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തത്. ഹൃദ്രോഗത്തെ തുടർന്ന് ഈയടുത്ത് ബൈപ്പാസ് സർജറിക്ക് വിധേയനായ കുട്ടിക്കും പരിക്കേറ്റതായി രക്ഷിതാക്കൾ പറഞ്ഞു. എസ്‍സി-എസ്ടി അതിക്രമ നിരോധന നിയമപ്രകാരമാണ് കേണിച്ചിറ പൊലീസ് കേസെടുത്തത്. രക്ഷിതാക്കൾ പരാതിപ്പെട്ടതോടെ ഒളിവിൽ പോയ പ്രതിയെ ഇന്നാണ് പൊലീസ് പിടികൂടിയത്.