തിരുവനന്തപുരം : എൽഡിഎഫ് സർക്കാര്‍ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് രാഷ്ട്രീയ പാർട്ടികളുടെ 89 ഓഫീസുകൾ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ. രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾ ആക്രമിക്കപ്പെട്ടതിന് 89 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ആകെ 67 കോൺഗ്രസ് ഓഫീസുകളും പതിമൂന്ന് സി പി എം ഓഫീസുകളും ആക്രമിക്കപ്പെട്ടു. മുസ്ലീം ലീഗിന്റെ അഞ്ച് ഓഫീസുകൾക്ക് നേരെയും ഒരു ബിജെപി ഓഫീസിന് നേരെയും ആക്രമണം നടന്നിട്ടുണ്ട്. എസ്.ഡി.പി ഐ , ആർ. എസ്. എസ്, സിഐടിയു എന്നിവയുടെ ഓരോ ഓഫീസുകൾക്ക് നേരെയും ആക്രമണം ഉണ്ടായതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ഈ കേസുകളിലായി ഇതുവരെ 168 പേരെ അറസ്‌റ്റ് ചെയ്തു. 32 കേസുകളിൽ ചാർജ് ഷീറ്റ് നൽകിയതായും എപി അനിൽ കുമാര്‍ എംഎൽഎയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം മറുപടി നൽകി.