തിരുവനന്തപുരം > ഈ വർഷത്തെ അഗസ്ത്യാർകൂടം ട്രക്കിങ്ങിന് ബുധനാഴ്‌ച തുടക്കമാകും. ആദ്യബാച്ച് രാവിലെ 9ന് പുറപ്പെടും. ബോണക്കാട് പിക്കറ്റിങ് സ്റ്റേഷനിൽ രാവിലെ ഏഴുമുതൽ ചെക്കിങ് ആരംഭിക്കും. സമുദ്രനിരപ്പിൽ നിന്നും1868 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടത്തിലേക്കുള്ള ട്രക്കിങ് മൂന്നുദിവസം നീണ്ടുനിൽക്കുന്നതാണ്. ഒരു വശത്തേക്ക് 20 കിലോമീറ്റർ ദൈർഘ്യം വരുന്ന ഈ ട്രക്കിംഗ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ട്രക്കിങ് ആണ്. ബോണക്കാട് പിക്കറ്റിംഗ് സ്റ്റേഷനിൽ 7 മണി മുതൽ ചെക്കിംഗ് ആരംഭിക്കും. ഒൻപത് മണിക്ക് യാത്ര ആരംഭിക്കും.
ടിക്കറ്റ് പ്രിൻറ് ഔട്ട്, ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്ത ഐ ഡി, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും കരുതിയിരിക്കണം. ഒന്നാം ദിവസം അതിരുമല ബേസ് ക്യാമ്പിൽ താമസിക്കാം. രണ്ടാം ദിവസം രാവിലെ ആറ് കിലോമീറ്റർ മല കയറി അഗസ്ത്യാർകൂടത്തിൽ പ്രവേശിച്ചിട്ട് തിരികെ അതിരുമല ബേസ് ക്യാമ്പിൽ താമസിച്ച് മൂന്നാം ദിവസം ബോണക്കാടേക്ക് മടക്കയാത്ര എന്ന രീതിയിലാണ് ട്രക്കിംഗ് ക്രമീകരിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക്, ലഹരി വസ്തുക്കൾ, പൂജാ സാധനങ്ങൾ, പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന മറ്റു സാധനങ്ങൾ എന്നിവ അനുവദനീയമല്ല. വന്യജീവികൾ ഉള്ള വനമേഖലയായതിനാൽ സന്ദർശകരോടൊപ്പം പോകുന്ന വനം വകുപ്പിൻ്റെ ഗൈഡുകളുടെയും ഉദ്യോഗസ്ഥരുടെയും നിർദ്ദേശം കർശനമായും പാലിക്കണം. വന്യമൃഗങ്ങൾ ആകർഷിക്കാത്ത വസ്ത്രങ്ങൾ ഉപയോഗിക്കണം എന്നും നിർദേശമുണ്ട്.
ഓരോ രണ്ട് കിലോമീറ്ററുകൾക്കിടയ്ക്കും ഉള്ള ക്യാമ്പുകളിൽ ഗൈഡുകൾ സഹായിക്കും. ട്രക്കിങ് ഷൂസ്, മഴ പ്രതിരോധിക്കാനുള്ള റെയിൻ കോട്ട്, ടോർച്ച്, ബെഡ്ഷീറ്റ്, സ്ലീപ്പിങ് ബാഗ് എന്നിവ കരുതണം. ശുദ്ധജലത്തിന് സ്റ്റീൽ കുപ്പികൾ കരുതണം. റെഗുലർ സീസൺ ട്രക്കിങിന് പുറമെ ആഴ്ചയിൽ മൂന്നുദിവസം സ്പെഷ്യൽ പാക്കേജ് ട്രക്കിങ്ങും വനംവകുപ്പ് സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലാണ് ബുക്കിങ്.