വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് ഏഴ് കോടി രൂപ പിടിച്ചെടുത്തു. കിഴക്കന്‍ ഗോദാവരി അനന്തപ്പള്ളിയില്‍ ലോറിയിടിച്ച് മറിഞ്ഞ വാഹനത്തില്‍ നിന്നാണ് പണം കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. ലോറിയിലിടിച്ച് മറിഞ്ഞ വാഹനത്തില്‍ ഏഴ് കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലായാണ് പണമുണ്ടായിരുന്നത്. വിജയവാഡയില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന വാഹനത്തില്‍ നിന്നാണ് പണം കണ്ടെത്തിയത്. അപകടത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ കെ. വീരഭദ്ര റാവുവിനെ ഗോപാലപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടശേഷം വാഹനത്തിലെ യാത്രക്കാര്‍ ഇവ ഒരു ചാക്കിലേക്ക് മാറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വാഹനത്തിലുണ്ടായിരുന്നവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ, പണം ആദായനികുതി വകുപ്പിന് കൈമാറിയെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം വിശാഖപട്ടണത്തെ ഒരു ട്രക്കില്‍ നിന്നും കണക്കില്‍പ്പെടാത്ത എട്ട് കോടി രൂപ പിടികൂടിയിരുന്നു. പൈപ്പുമായി പോവുകയായിരുന്ന ട്രക്കില്‍ നിന്നാണ് പണം പിടികൂടിയത്. എന്‍.ടി.ആർ ജില്ലയിലെ ഗരികപ്പാട് ചെക്കുപോസ്റ്റില്‍ വച്ചാണ് എട്ടു കോടി പിടിച്ചെടുത്തത്. ലോറിയിലെ പ്രത്യേക ക്യാബിനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ഹൈദരാബാദില്‍ നിന്ന് ഗുണ്ടൂരിലേക്ക് കടത്തവെയാണ് പണം പിടികൂടിയത്. സംഭവത്തില്‍ ട്രക്കിലുണ്ടായിരുന്നു രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. മെയ് 13ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് വൻതോതിൽ കള്ളപ്പണം പിടികൂടുന്നത്.