ഗാന്ധിനഗര്‍: ഒരു ദിവസം ഏഴ് പരിപാടികളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതില്‍ ഏഴു പരിപാടികളും സ്വന്തം സംസ്ഥാനമായ ഗുജറാത്തിലായിരുന്നു. വെള്ളിയാഴ്ച വമ്പൻ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്താണ് പ്രധാനമന്ത്രി ഗുജറാത്ത് സന്ദർശനത്തിന്‍റെ രണ്ടാം ദിവസം ആരംഭിച്ചത്. ഗാന്ധി നഗർ – മുംബൈ വന്ദേഭാരത് ട്രെയിന്‍റെ ആദ്യ സർവീസും അഹമ്മദാബാദ് മെട്രോയുടെ ആദ്യ ഘട്ടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
മഹാരാഷ്ട്രയുടെയും ഗുജറാത്തിന്റെയും തലസ്ഥാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസാണ്. ന്യൂഡൽഹി-വാരാണസി റൂട്ടിലും ന്യൂഡൽഹി-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര റൂട്ടിലുമാണ് നിലവിൽ വന്ദേഭാരത് ട്രെയിനുകൾ സര്‍വ്വീസ് നടത്തുന്നത്. 2023 ആഗസ്റ്റ് 15-ന് മുൻപ് രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് 75 വന്ദേഭാരത് ട്രെയിനുകൾ സര്‍വ്വീസ് ആരംഭിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഗാന്ധി നഗറിൽ നിന്ന് കാലുപൂർ സ്റ്റേഷൻ വരെ പ്രധാനമന്ത്രി വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്തു. തുടർന്ന് അഹമ്മദാബാദിൽ നടന്ന പൊതു യോഗത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു. അമേരിക്കൻ നഗരങ്ങളായ ന്യൂ ജേഴ്സിയേയും ന്യൂയോർക്കിനെയും പോലെ ഗാന്ധിനഗറിനെയും അഹമ്മദാബാദിനെയും വികസിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 7200 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കും ഗുജറാത്തിൽ തറക്കല്ലിടും.
തുടര്‍ന്ന് ബനസ്‌കന്ത ജില്ലയിലെ അംബാജിയില്‍ റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി. അംബാജി ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തി. തുടര്‍ന്ന് ഗബ്ബാര്‍ തീര്‍ത്ഥില്‍ പ്രധാനമന്ത്രി ആരതി നടത്തി. ഇതിനെ തുടര്‍ന്ന് അംബാജിയില്‍ പൊതു സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. പ്രസിദ്ധ തീർത്ഥാടന നഗരമായ അംബാജിയിലെ റാലിയെ അഭിസംബോധന ചെയ്യുന്നതിനുമുമ്പ് ഏകദേശം 7,000 കോടി രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നടത്തി.
തരംഗ-അംബാജി-അബു റോഡ് റെയിൽവേ ലൈൻ 100 വർഷം മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് വിഭാവനം ചെയ്തതാണെങ്കിലും പദ്ധതി സുപ്രധാനമായിരുന്നെങ്കിലും തന്‍റെ നേതൃത്വത്തിലുള്ള അന്നത്തെ ഗുജറാത്ത് സർക്കാർ ഇതിനുള്ള നിര്‍ദേശം സമര്‍പ്പിച്ചിട്ടും അന്നത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ഇതിന് അനുമതി നൽകിയില്ലെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഇതേ റെയിൽവേ പദ്ധതിക്ക് തറക്കല്ലിട്ട ശേഷം ഗുജറാത്തിലെ അംബാജി നഗരത്തിൽ നടന്ന പൊതു റാലിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ ഡിസംബറോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പതിറ്റാണ്ടുകളായി അധികാരത്തിൽ തുടരുന്ന ഗുജറാത്തിൽ വിജയം ആവര്‍ത്തിക്കാനുള്ള കഠിന പ്രയത്നത്തിലാണ് ബിജെപി.