സോഷ്യൽ മീഡിയ വളർന്നതോടെ ഇൻഫ്ലുവൻസർമാരുടെ എണ്ണവും പെരുകി. വിവിധ ഉത്പന്നങ്ങളുമായി സോഷ്യൽ മീഡിയ നിറയെ ഇപ്പോൾ ഇൻഫ്ലുവൻസർമാരാണ്. അടുത്തിടെ പുറത്തുവന്ന “ഇൻഫ്ലുവൻസർ ട്രസ്റ്റ് സർവേ” റിപ്പോർട്ട് പ്രകാരം 70 ശതമാനം ഇന്ത്യക്കാരും ഉത്പന്നം വാങ്ങുന്നത് ഇത്തരത്തിലാണ്. ഏത് ഉത്പന്നണം വാങ്ങണമെന്ന് ഉപഭോക്താക്കൾ തീരുമാനിക്കുന്നതിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വലിയ സ്വാധീനം ചെലുത്തുന്നു എന്ന് അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.
സർവേയിൽ 18 വയസ്സിന് മുകളിലുള്ള 820 പേർ അഭിപ്രായം അറിയിച്ചു. പ്രതികരിച്ചവരിൽ 79 ശതമാനം പേരും സോഷ്യൽ മീഡിയ സ്വാധീനിക്കുന്നവരെ വിശ്വസിക്കുന്നുവെന്ന് അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ പറഞ്ഞു. ഇതിൽ മുപ്പത് ശതമാനം പേരും ഇൻഫ്ലുവൻസർമാരെ പൂർണമായി വിശ്വസിച്ചാണ് സാധനങ്ങൾ വാങ്ങുന്നത് എന്നും നാൽപ്പത്തിയൊമ്പത് ശതമാനം പേരും “ഒരു പരിധിവരെ” വിശ്വസിക്കുന്നതായും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. മാത്രമല്ല, സർവേയിൽ പങ്കെടുത്തവരിൽ 90 ശതമാനം പേരും ഇൻഫ്ലുവൻസർ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ ഒരു ഉൽപ്പന്നമെങ്കിലും വാങ്ങിയിട്ടുണ്ടെന്ന് പറഞ്ഞു.