റിയാദ്: കേരളത്തില്‍ നിന്നുള്ള 70 പേരടങ്ങുന്ന ഹജ്ജ് ഗ്രൂപ്പിെൻറ യാത്രാരേഖകള്‍ അവസാന നിമിഷം ശരിയാക്കി പ്രവാസി വെല്‍ഫയര്‍. ഹാജിമാര്‍ക്ക് സൗദിയിലേക്ക് യാത്ര ചെയ്യാനുള്ള അവസാന ദിവസമായ ഇന്ന് കേളത്തില്‍ നിന്ന് പുറപ്പെടേണ്ട 70 ഹാജിമാരടങ്ങുന്ന സംഘത്തിെൻറ യാത്രയാണ് പ്രതിസന്ധിയാലായത്. ട്രാവല്‍ ഗ്രൂപ്പ് സൗദിയിലെ ഹജ്ജ് സേവന കമ്പനിയുടെ അക്കൗണ്ടിലേക്ക് മുഴുവന്‍ തുകയും അക്കൗണ്ട് വഴി കൈമാറിയെങ്കിലും അത് കമ്പനി അക്കൗണ്ടില്‍ യഥാസമയം െക്രഡിറ്റാവാതിരുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
വ്യാഴാഴ്ചയാണ് പണം കൈമാറിയത്. വെള്ളിയും ശനിയും അവധി ദിവസങ്ങളായത് തുടർ നടപടികൾക്ക് തടസ്സമായി. ഹാജിമാര്‍ക്കുള്ള വിസ ഇഷ്യു ചെയ്യാനുള്ള അവസാന സമയം വെള്ളിയാഴ്ച വൈകിട്ട് സൗദി സമയം ആറുമണിയായിരുന്നു. അതിന് മുമ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രേഖകള്‍ ശരിയാക്കാൻ നാട്ടിലെ ട്രാവൽ ഏജൻസി സാമൂഹിക പ്രവര്‍ത്തകരുടെ സഹായം തേടുകയായിരുന്നു.
പ്രവാസി വെല്‍ഫയര്‍ പ്രവര്‍ത്തകര്‍ ഹജജ് സേവന കമ്പനിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിെൻറ അടിസ്ഥാനത്തില്‍ കമ്പനിയുടെ മേലുദ്യോഗസ്ഥര്‍ തന്നെ മുന്നിട്ടിറങ്ങി അവധിയിലായിരുന്ന ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയും ബാങ്ക് അധികൃതരുടെ സഹായത്താലും പ്രശ്നങ്ങള്‍ പരിഹരിക്കുകയായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റില്‍ വിവരങ്ങള്‍ സ്വമേധയാ എത്താൻ സമയം എടുക്കുമെന്നതിനാല്‍ പത്തോളം ഉദ്യോഗസ്ഥര്‍ ഓരോ ഹാജിമാരുടെയും വിവരങ്ങള്‍ നേരിട്ട് അപ്ഡേറ്റ് ചെയ്ത് അവസാന അരമണിക്കൂറില്‍ വിസകള്‍ ഇഷ്യൂ ചെയ്യുകയായിരുന്നു.
ശേഷം കരാർ രേഖകളും ശരിയാക്കിയപ്പോഴാണ് ഹാജിമാര്‍ക്ക് യാത്ര തിരിക്കാനായത്. തിരുവനന്തപുരത്ത് നിന്നു യാത്രയാകുന്ന ഹാജിമാർക്കാണ് ഈ പ്രയാസം നേരിട്ടത്. ദൗത്യത്തില്‍ മലയാളികളടക്കമുള്ള നിരവധിയാളുകള്‍ പങ്കാളികളായതായും എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും പ്രവാസി നേതൃത്വം അറിയിച്ചു. പ്രവാസി വെല്‍ഫയര്‍ പ്രവര്‍ത്തകരായ ഖലീല്‍ പാലോട്, ഷബീര്‍ ചാത്തമംഗലം, ഷാജു പടിയത്ത് എന്നിവര്‍ നേതൃത്വം നല്‍കി.