ദില്ലി: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ 72 മണിക്കൂർ വെടിനിർത്തലിന് സമ്മതിച്ച് ഇരുപക്ഷവും. മറ്റ് രാജ്യങ്ങൾക്ക് പൗരന്മാരെ ഒഴിപ്പിക്കുന്നതിനായാണ് വെടിനിർത്തൽ സമയം നീട്ടിയത്. അമേരിക്കയും സൗദിയും ഇടപെട്ട് രണ്ട് ദിവസമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തലിന് ഇരു പക്ഷവും സമ്മതിച്ചത്. ആഭ്യന്തരകലാപം ആരംഭിച്ച ശേഷം ഇത് മൂന്നാം തവണയാണ് വെടിനിർത്തൽ പ്രഖ്യാപിക്കുന്നത്. ഈ മാസം 15ന് ആരംഭിച്ച ആഭ്യന്തര കലാപത്തിൽ 427 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
സുഡാനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷിക്കാനുള്ള ഓപ്പറേഷൻ കാവേരി തുടരുന്നു. ദൗത്യത്തിന് നേതൃത്വം നൽകാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ജിദ്ദയിലാണ് ഉള്ളത്. പോർട്ട് സുഡാനിൽ നിന്നും ജിദ്ദയിലെത്തിക്കുന്ന ഇന്ത്യാക്കാരെ വ്യോമസേന വിമാനത്തിൽ നാട്ടിലെത്തിക്കും. അതിനിടെ സുഡാനിൽ വെടി നിർത്തൽ 72 മണിക്കൂർ കൂടി നീട്ടി. അഞ്ഞൂറ് ഇന്ത്യക്കാർ പോർട്ട് സുഡാനിൽ എത്തിയതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചിരുന്നു. സൈന്യത്തിന്റെ കപ്പലായ ഐഎൻഎസ് സുമേധയിൽ ജിദ്ദയിലെത്തിക്കുന്ന ഇന്ത്യാക്കാരെ വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിക്കാനാണ് തീരുമാനം.