കോയമ്പത്തൂർ : കർണാടകയിലെ ഹൂബ്ലിയിൽനിന്ന് പാലക്കാട്ടേക്ക് കൊണ്ടുവരുകയായിരുന്ന 7,525 ലിറ്റർ സ്പിരിറ്റ് ഹൊസൂരിൽനിന്ന് പിടികൂടി. സംഭവത്തിൽ പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശി സെയ്ദു (34), പാലക്കാട് സ്വദേശി ബാബുരാജ് (37) എന്നിവരെ അറസ്റ്റുചെയ്തു. മുഖ്യപ്രതി എറണാകുളം സ്വദേശി അനീഷ് ഒളിവിലാണ്. ഹൊസൂർ-സേലം റോഡിൽ ദർഗ ബസ്സ്റ്റോപ്പിന് സമീപം ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഇൻസ്പെക്ടർ പി. കാമരാജിന്റെ നേതൃത്വത്തിലുള്ള ഹൊസൂർ പ്രൊഹിബിഷൻ എൻഫോഴ്സ്മെന്റ് സംഘം നടത്തിയ വാഹനപരിശോധനയിലാണ് സ്പിരിറ്റ് കയറ്റിവന്ന ലോറി പിടിക്കുന്നത്.