ഇംഫാൽ: മണിപ്പൂരിലെ 22 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 76.04 ശതമാനം പോളിങ് രേഖപ്പെടുത്തി. 38 നിയമസഭ സീറ്റുകളിലേക്ക് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 78.03 ശതമാനമായിരുന്നു പോളിങ്. വോട്ടിങ് ആരംഭിക്കുന്നതിന് മുമ്പും ശേഷവും ചില സ്ഥലങ്ങളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. സേനാപതി ജില്ലയിലാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്-82.02 ശതമാനം. തൗബൽ -78. ഉഖ്രുൽ -71.57, ചന്ദേൽ-76.71, തമെങ്‌ലോങ് -66.40, ജിരിബാം- 75.02 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിങ്.
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ബി.ജെ.പി അനുഭാവിയെ കോൺഗ്രസ് പ്രവർത്തകൻ വെടിവെച്ചുകൊന്നു. വെള്ളിയാഴ്ച രാത്രി വെടിയേറ്റ എൽ. അമുബ സിങ് (25) ശനിയാഴ്ച പുലർച്ചെ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലാംഫെലിൽ പുറത്താക്കപ്പെട്ട ബി.ജെ.പി നേതാവ് സി.എച്ച്. ബിജോയിയുടെ വീടിന് നേരെ വെള്ളിയാഴ്ച രാത്രി അജ്ഞാതസംഘം ബോംബ് എറിഞ്ഞു.സേനാപതി ജില്ലയിലെ എൻഗംജു പോളിങ് സ്റ്റേഷനിൽ സുരക്ഷാസേന പ്രകോപനമില്ലാതെ വെടിയുതിർത്തതിനെ തുടർന്ന് അക്രമങ്ങളുണ്ടാവുകയും പോളിങ് തടസ്സപ്പെടുകയും ചെയ്തു.