കിടപ്പുരോഗിയായ ഭർത്താവിനെ വെടിവെച്ചുകൊന്ന 76 -കാരിയായ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഫ്ലോറിഡയിലെ ഡേടോണ ബീച്ച് ആശുപത്രിയിലാണ് സംഭവം നടന്നത്. പൂർണ്ണമായും കിടപ്പുരോഗിയായ ഭർത്താവിനെ ആശുപത്രിക്കുള്ളിൽ വച്ചാണ് ഭാര്യ തലയ്ക്ക് വെടിവെച്ച് കൊന്നത്. 77 വയസ്സായിരുന്നു ഇയാൾക്ക്. സംഭവത്തിൽ പൊലീസ് സ്ത്രീയെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെ 11:30 -നാണ് സംഭവം നടന്നത്. പൂർണ്ണമായും കിടപ്പുരോഗികളെ പ്രവേശിപ്പിക്കുന്ന ആശുപത്രിയുടെ പതിനൊന്നാം നിലയിലായിരുന്നു ഇയാളെ കിടത്തിയിരുന്നത്. അവിടെവച്ചാണ് ഭാര്യ ഇയാൾക്ക് നേരെ വെടി ഉതിർത്തത്. എന്നാൽ ഭർത്താവിന്റെ സമ്മതത്തോടെയാണ് സ്ത്രീ ഇങ്ങനെ ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ഒരുമിച്ച് മരിക്കാൻ ആയിരുന്നു തീരുമാനം. അതിനായി ഭാര്യ ഒരു തോക്ക് സംഘടിപ്പിക്കുകയും അതുമായി ആശുപത്രിയിൽ എത്തുകയും ചെയ്തു. ഭാര്യയെ വെടിവെച്ച് കൊന്നതിനുശേഷം ഭർത്താവ് സ്വയം വെടിവെച്ച് മരിക്കാൻ ആയിരുന്നു ഇവർ തീരുമാനിച്ചിരുന്നത്.
എന്നാൽ, നിരവധിതവണ ശ്രമിച്ചിട്ടും ഭർത്താവിന് തോക്ക് കൃത്യമായി കൈകളിൽ പിടിക്കാൻ കഴിഞ്ഞില്ല. ഇതോടെ ഭാര്യ ആ ജോലി ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ഭർത്താവിനെ വെടിവച്ചതിനുശേഷം സ്വയം വെടിവെക്കാനായി ഭയം തോന്നിയതിനെത്തുടർന്ന് അവർ ആ ഉദ്യമത്തിൽ നിന്നും പിന്മാറുകയായിരുന്നു. ആശുപത്രി ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി സംഭവസ്ഥലത്തുനിന്ന് തന്നെ സ്ത്രീയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡേടോണ ബീച്ചിലെ വോലൂസിയ കൗണ്ടി ജയിലിലേക്ക് സ്ത്രീയെ മാറ്റി.
പ്രായമേറെ ആയതിനാലും ഇരുവരും രോഗികൾ ആയതിനാലും ആണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് എന്നാണ് സ്ത്രീ പൊലീസിനോട് പറഞ്ഞത്. എന്നാൽ തനിക്ക് സ്വയം തോക്ക് ചൂണ്ടിയപ്പോൾ ഭയം തോന്നിയതിനാൽ വെടിവയ്ക്കാൻ കഴിഞ്ഞില്ലെന്നും ഇവർ പറഞ്ഞു. നിർഭാഗ്യവശാൽ ഏറെ അസ്വാഭാവികമായ ഒരു സംഭവമാണ് എന്നാണ് പൊലീസ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.