ന്യൂഡല്‍ഹി : തുണിത്തരങ്ങളുടെ ജിഎസ്ടി വര്‍ധന തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതോടെ വസ്ത്രങ്ങളുടെ ജിഎസ്ടി അഞ്ചുശതമാനത്തില്‍ തന്നെ തുടരും. ജനുവരി ഒന്നുമുതല്‍ ജിഎസ്ടി നിരക്ക് അഞ്ചില്‍നിന്ന് 12ശതമാനമായി ഉയര്‍ത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. വ്യാപാരികളില്‍ നിന്നും ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും സമ്മര്‍ദമുണ്ടായതിനെതുടര്‍ന്നാണ് വര്‍ധന തല്‍ക്കാലം വേണ്ടെന്ന് തീരുമാനിച്ചത്. അടുത്ത ജിഎസ്ടി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക ജിഎസ്ടി കൗണ്‍സില്‍ ടെക്സ്‌റ്റൈല്‍ മേഖലയിലെ നിരക്ക് വര്‍ധനമാത്രമാണ് ചര്‍ച്ചചെയ്തത്. ധനമന്ത്ര നിര്‍മല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.