പത്തനംതിട്ട : പതിമൂന്ന് വയസ് പ്രായമുള്ള മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 51 വയസുകാരനായ പിതാവിനെ പത്തനംതിട്ട പോക്സോ കോടതി 78 വർഷം കഠിന തടവിനും 2,75,000 പിഴ ഒടുക്കാനും ശിക്ഷിച്ചു. പിഴയൊടുക്കാതിരുന്നാൽ മൂന്നര വർഷം അധിക കഠിന തടവും അനുഭവിക്കണം. ഇന്ത്യൻ പീനൽ കോഡ് 376 (3) പോക്സോ ആക്ട് വകുപ്പുകൾ 5 ( | ), 5 (n),6 ജുവനൈൽ ജസ്റ്റിസ് ആക്ട് 75 എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.
പ്രതിയുടെ മദ്യപാന സ്വഭാവവും തുടർന്നുള്ള ഉപദ്രവവും കാരണം ഭാര്യ നേരത്തെ വീടുവിട്ടു പോയിരുന്നു. തുടർന്ന് പെൺകുട്ടി പിതൃമാതാവിനോടും മുത്ത സഹോദരിമാരോടും ഒപ്പം വീട്ടിൽ കഴിഞ്ഞു വരികയായിരുന്നു. മകൾ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലയളവ് മുതൽ സ്വന്തം പിതാവ് ലൈംഗികാതിക്രമത്തിന് ഇരയാക്കി വരികയായിരുന്നു. ഒരു അവധി ദിവസം മകളെ ആളില്ലാത്ത ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയും എതിർത്ത മകളുടെ കവിളിൽ കുത്തിപ്പിടിച്ച് മുറിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. പിറ്റേന്ന് വീട്ടിലെത്തിയ മകളുടെ കവിളിലെ മുറിപ്പാടിൽ സംശയം തോന്നിയ പ്രതിയുടെ സഹോദരി സ്കൂൾ ടീച്ചർമാരുടെ വിവരം ചോദിച്ചു. തുടര്‍ന്നാണ് പിതാവിന്റെ ക്രൂര പ്രവർത്തികൾ വെളിവായത്.
വിസ്താരവേളയിൽ പെൺകുട്ടിയുടെ ഒരു സഹോദരിയും പ്രതിയുടെ മാതാവും കൂറുമാറിയെങ്കിലും മറ്റ് തെളിവുകളും ബന്ധുക്കളുടെ മൊഴികളാണ് നിണായകമായത് വിധി പ്രസ്താവിച്ച വേളയിൽ ഇന്ത്യൻ പീനൽ കോഡ് 376 (3) ഒഴികെയുള്ള ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതിനാൽ പ്രതിയക്ക് 55 വർഷം കഠിന തടവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പിഴ തുക നഷ്ടപരിഹാരമായി പെൺകുട്ടിക്ക് നൽകണമെന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്.