ദില്ലി:ഇന്ത്യയിലെ ഹൈക്കോടതി ജഡ്ജിമാരിൽ 79% പേരും ഉയർന്ന ജാതിയിൽ നിന്നുള്ളവരെന്നു കേന്ദ്ര നിയമ മന്ത്രാലയം. 2018 മുതല്‍ 2022 ഡിസംബര്‍ 19 വരെയുള്ള കാലയളവില്‍ 537 ജഡ്ജിമാരാണ് ഹൈക്കോടതികളില്‍ നിയമിതരായത്. ഇതില്‍ 79 ശതമാനം പേരും ജെനറല്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. 11 ശതമാനം മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും 2.6 ശതമാനം ന്യൂനപക്ഷങ്ങളില്‍ നിന്നുമാണ്. എസ് സി, എസ് ടി വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ സാന്നിധ്യം യഥാക്രമം 2.8, 1.3 ശതമാനം മാത്രമാണെന്നും പാർലമെന്റ് സമിതിക്ക് മുന്നിൽ സമർപ്പിച്ച കണക്കുകളിൽ പറയുന്നു.
ബിജെപി എംപി സുശീൽ മോദി അധ്യക്ഷനായ സമിതിക്ക് മുമ്പാകെ മന്ത്രാലയത്തിലെ നീതിന്യായ വകുപ്പ് ഇത് സംബന്ധിച്ച് വിശദമായ കണക്കുകൾ അവതരിപ്പിച്ചത്. ജഡ്ജി നിയമനത്തിലെ കൊളീജിയം രീതിയിൽ കേന്ദ്ര സർക്കാർ അതൃപ്തി വ്യക്തമാക്കുകയും നിയമന നടപടി വൈകിപ്പിക്കുകയും ചെയ്യുന്നതു സംബന്ധിച്ച വിവാദങ്ങൾക്കിടെയാണ് ഈ കണക്കുകൾ പുറത്ത് വരുന്നത്.