ന്യൂഡൽഹി∙ എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തുകളഞ്ഞു. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വിൽപന വില 1,748 രൂപയായി. ഇതുവരെ 1,508 രൂപയായിരുന്നു വില. 240 രൂപയായിരുന്നു ഇൻസന്റീവ്. ഇനി ഹോട്ടലുകളടക്കം പുതിയ വിലയ്ക്ക് പാചകവാതകം വാങ്ങണം.
അതേസമയം ഇൻസന്റീവ് നിർത്തലാക്കിയത് സിലിണ്ടർ വിതരണ ഏജൻസികൾക്ക് ആശ്വാസകരമാണെന്ന് എറണാകുളം റോസ് ഏജൻസീസ് ഉടമ ബാബു ജോസഫ് പറഞ്ഞു. ഇൻസന്റീവ് തുകയെല്ലാം ഇടനിലക്കാർ ആണ് എടുക്കുന്നത്. വിതരണക്കാർക്ക് വിൽപ്പന കൂടുമെന്നല്ലാതെ മറ്റ് ലാഭങ്ങളൊന്നുമില്ല. കൊല്ലം മുതലുള്ള ഇടനിലക്കാർ എറണാകുളത്തുവന്ന് സിലിണ്ടർ വിൽക്കുന്നുണ്ട്. ഇവർ യാത്രചെലവ് ഉൾപ്പെടെയാണ് വിതരണക്കാരിൽ നിന്ന് ഈടാക്കുന്നത്. ഇതിനെല്ലാം അറുതിവരുത്തുന്നതാണ് പുതിയ തീരുമാനം.ഗ്യാസ് വിതരണം സുതാര്യമാകുകയും ആര്‍ക്കാണ് ഗ്യാസ് നൽകുന്നതെന്നും വിതരണക്കാർക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറയുന്നു.
വില കുറച്ചും ഡിസ്കൗണ്ട് കൂട്ടിയുമുള്ള വിതരണക്കാരുടെ മത്സരം ഇതോടെ അവസാനിക്കും. ഗ്യാസിന്റെ വില കൃത്യമായി കൈയിലെത്തും. ഇതുമൂലം ഗ്യാസ് കമ്പനികൾക്ക് ഗുണമൊന്നുമില്ല. ഞങ്ങൾക്ക് പണ്ടും എംആർപിയിലാണ് തന്നിരുന്നത്. ഇനിയും അങ്ങനെതന്നെയാണ്. ഹോട്ടലുകൾക്ക് തിരിച്ചടിയാകുമോ എന്ന ചോദ്യത്തിന് ബാബുവിന്റെ മറുപടി ഇങ്ങനെ: ‘പെട്രോൾ വില കൂടിയാൽ വാഹനമോടിക്കുന്നവർ ഇന്ധനം വാങ്ങാതിരിക്കുന്നില്ലല്ലോ. ഹോട്ടലുകാരും അതുപോലെ തന്നെയാണ്. ഗ്യാസിനു വില കുറയുമ്പോൾ അവർ ഭക്ഷണത്തിന്റെ വില കുറയ്ക്കുന്നില്ലല്ലോ…’