ഡാന്‍ജോ ദ്വീപ്: ജപ്പാൻ തീരത്ത് ചരക്ക് കപ്പൽ മുങ്ങി 8 മരണം. മരിച്ചവരിൽ ചൈനീസ് പൗരന്മാരും ഉൾപ്പെടുന്നതായി ചൈനീസ് അധികൃതർ വിശദമാക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ജിന്‍ ടിയാന്‍ എന്ന ചരക്കുകപ്പല്‍ മുങ്ങിയത്. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. 5 പേരെയാണ് ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുള്ളത്. ഇവരുടെ നിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് റിപ്പോര്‍ട്ട്.
ജപ്പാൻ, ദക്ഷിണ കൊറിയ നാവിക സേനയും സ്വകാര്യ ബോട്ടുകളും സംയുകത്മായാണ് തെരച്ചിൽ നടത്തുന്നത്. 22 പേരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ആള്‍ വാസമില്ലാത്ത ഡാന്‍ജോ ദ്വീപുകള്‍ക്ക് 110 കിലോമീറ്റര്‍ അകലെവച്ചാണ് ജിന്‍ ടിയാന്‍ കപ്പല്‍ അടിയന്തര സന്ദേശം അയക്കുന്നത്. ദക്ഷിണ കൊറിയന്‍ സമുദ്രാതിര്‍ത്തിയിലായിരുന്നു സന്ദേശമയയ്ക്കുന്ന സമയത്ത് ഈ കപ്പലുണ്ടായിരുന്നത്.
മരിച്ചവരില്‍ അറുപേര്‍ ചൈനീസ് സ്വദേശികളാണെന്നാണ് ചൈനയുടെ കോണ്‍സുല്‍ ജനറല്‍ ലൂ ഗുയീന്‍ജുന്‍ പ്രതികരിച്ചത്. എന്നാല്‍ മരണപ്പെട്ടവര്‍ ആരാണെന്നത് ജപ്പാന്‍ ഇനിയും സ്ഥിരീകരിച്ചിട്ടില്ല. കപ്പല്‍ മുങ്ങാനുണ്ടായ കാരണത്തേക്കുറിച്ച് നിലവില്‍ സൂചനകള്‍ ഒന്നും തന്നെയില്ല.
നേരത്തെ ചെങ്കടലില്‍ തീപിടിച്ച കപ്പലില്‍ നിന്ന് 25 ജീവനക്കാരെ സൗദി അതിര്‍ത്തി രക്ഷാ സേന രക്ഷിച്ചിരുന്നു. ഒക്ടോബര്‍ ആദ്യവാരമായിരുന്നു ഈ അപകടം. സൗദി അറേബ്യയിലെ ജിസാന്‍ തുറമുഖത്തിന് വടക്കുപടിഞ്ഞാറ് ദിശയില്‍ 123 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് കപ്പലിന് തീപിടിച്ചത്. ഉടന്‍ തന്നെ അടിയന്തര സഹായം തേടിയുള്ള സന്ദേശം കപ്പലില്‍ നിന്ന് ജിദ്ദയിലെ സെര്‍ച്ച് ആന്റ് റെസ്ക്യൂ കോര്‍ഡിനേഷന്‍ സെന്ററില്‍ ലഭിക്കുകയായിരുന്നു.
പനാമയുടെ പതാക വഹിച്ചിരുന്ന കപ്പലില്‍ വിവിധ രാജ്യക്കാരായ 25 ജീവനക്കാരാണുണ്ടായിരുന്നത്. ഇവരെ സൗദി അതിര്‍ത്തി രക്ഷാ സേന, തീ പിടിച്ച കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തി സൗദി അറേബ്യയിലെ ജിസാന്‍ തുറമുഖത്ത് എത്തിച്ചു. പരിസരത്തുണ്ടായിരുന്ന ഒരു വിദേശ കപ്പലും രക്ഷാ പ്രവര്‍ത്തനത്തില്‍ സൗദി അതിര്‍ത്തി രക്ഷാ സേനയോടൊപ്പം പങ്കാളികളായിരുന്നു.