തൃശൂർ ∙ തുടർച്ചയായ ജനറേറ്റർ തകരാർമൂലം തമിഴ്നാട് ഷോളയാറിൽനിന്ന് കേരള ഷോളയാറിലേക്ക് വിടുന്ന വെള്ളം കേരളത്തിനു പൂർണമായും വൈദ്യുതോൽപാദനത്തിന് ഉപയോഗിക്കാനാവുന്നില്ല. ഷോളയാറിനു താഴെ പെരിങ്ങൽക്കുത്തിലും വൈദ്യുതോൽപാദനം നടക്കാത്തതിനാൽ സംസ്ഥാനത്തിനു നഷ്ടം കോടിക്കണക്കിനു രൂപ.
ജൂൺ 30 വരെ നീളുന്ന ഒരു ജലവർഷത്തിൽ 12.30 ദശലക്ഷം ഘനയടി വെള്ളം തമിഴ്നാട് കേരളത്തിന് തരണമെന്നാണു കരാർ.
ഇതനുസരിച്ച് വെള്ളം തന്നാലും ജനറേറ്റർ ഉപയോഗയോഗ്യമല്ലാത്തതിനാൽ ഇത് പൂർണമായി വൈദ്യുതോൽപാദനത്തിന് ഉപയോഗിക്കാൻ കേരളത്തിനാവുന്നില്ല. കേരള ഷോളയാറിൽ 3 ജനറേറ്ററുകളിൽ ഒരെണ്ണം കഴിഞ്ഞ ഡിസംബർ മുതൽ തകരാറിലാണ്. ഇതിന്റെ പരിശോധനകൾ പൂർത്തിയാക്കി ഇന്ന് പുനഃസ്ഥാപിക്കുമെന്നാണു വിവരം. എങ്കിലും ഇത്രയും ദിവസത്തെ ഉൽപാദനം മുടങ്ങി. മാത്രമല്ല, ഷോളയാറിനു താഴെ പെരിങ്ങൽക്കുത്തിലും ജലമെത്തുന്നത് കുറയുകയാണ്. രണ്ടിടത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്നതാണ് ഇതുവഴി ഇല്ലാതാവുന്നത്. ഒരു ദശലക്ഷം ഘനയടി വെള്ളം നഷ്ടപ്പെടുത്തിയാൽ 15 കോടി രൂപയുടെ വൈദ്യുതി ഉൽപാദനമാണ് ഇല്ലാതെ പോകുന്നത്.
ജൂണിൽ ഷോളയാർ അണക്കെട്ടിൽ 2658 അടിയായി വെള്ളം നിലനിർത്തണമെന്നാണ് തമിഴ്നാടും കേരളവും തമ്മിലുള്ള കരാർ. വെള്ളം പൂർണമായി വൈദ്യുതോൽപാദനത്തിനായി ഒഴുക്കിവിടാത്തതിനാൽ കരാർ അനുസരിച്ച് ഇവിടെ വെള്ളം നിലനിർത്താനായി ഇങ്ങോട്ട് ഒഴുക്കേണ്ട വെള്ളം തമിഴ്നാട് അവരുടെ വൈദ്യുതോൽപാദനത്തിന് ഉപയോഗിക്കുന്നുമുണ്ട്.
തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ വെള്ളം ഒന്നിച്ചു തുറന്നുവിടുമ്പോൾ ചാലക്കുടിപ്പുഴയിൽ പ്രളയം ഉണ്ടാകാനുള്ള സാധ്യതയും ജനറേറ്റർ തകരാർ മൂലം സൃഷ്ടിക്കപ്പെടുന്നുണ്ട്.