ദില്ലി : പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ച് പാര്‍ട്ടി ഏത് സ്ഥാനാര്‍ഥിയെ മത്സരത്തിനിറക്കണമെന്ന കാര്യത്തില്‍ ജനങ്ങളോട് അഭിപ്രായം ആരാഞ്ഞ് ആം ആദ്മി പാര്‍ട്ടി. ടെലി സര്‍വ്വേയിലൂടെയാണ് ആം ആദ്മി പാര്‍ട്ടി ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. ആം ആദ്മി പാര്‍ട്ടിയുടെ ടെലി സര്‍വ്വേയേക്ക് ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. ഇതിനോടകം തന്നെ 8 ലക്ഷം പേര്‍ തങ്ങള്‍ക്ക് ആഭിമുഖ്യമുള്ള നേതാവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനായി അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞു.
ജനതാ ചുനേഗി അപ്‌നാ സിഎം എന്ന പേരിലാണ് ആം ആദ്മി പാര്‍ട്ടി സര്‍വ്വേ സംഘടിപ്പിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പ്രതികരണങ്ങള്‍ സര്‍വ്വേയിലൂടെ ലഭിക്കുകയായിരുന്നു. 24 മണിക്കൂറിനുള്ളിലാണ് എട്ടുലക്ഷത്തിനുമേല്‍ ആളുകള്‍ പ്രതികരണം രേഖപ്പെടുത്തിയത്. പാര്‍ട്ടി നല്‍കിയ ഫോണ്‍ നമ്പരിലേക്ക് പ്രതികരണങ്ങള്‍ എസ്എംഎസ് ആയി അയക്കുവാനായിരുന്നു എഎപിയുടെ നിര്‍ദ്ദേശം.
ഫെബ്രുവരി 14നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുക. ടെലി സര്‍വ്വേ പൂര്‍ത്തിയായശേഷം സര്‍വ്വേയില്‍ ഏറ്റവുമധികം പേര്‍ വോട്ടുചെയ്ത നേതാവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. പരമ്പരാഗത പാര്‍ട്ടികളുടെ രീതികളില്‍ നിന്നും ജനങ്ങള്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് സര്‍വ്വേയ്ക്ക് ലഭിച്ച മികച്ച പ്രതികരണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെട്ടു.