ക്വലാലംപൂർ: എട്ടുമാസം പ്രായമുള്ള കുഞ്ഞുമകളെ കാറിന്റെ പിൻസീറ്റിൽ മറന്ന് വെച്ചാണ് ഡോക്ടറായ അമ്മ ആശുപത്രിയിലേക്ക് പോയത്. കാൻസ്‍ലർ തവാൻകു മുഹ്‍രിസ് യു.കെ.എം ആശുപത്രിയിലാണ് അമ്മ ജോലി ചെയ്യുന്നത്. ആശുപത്രിയിലെ പാർക്കിങ്ങ് ഏരിയയിൽ വണ്ടിനിർത്തിയ ഉടൻ അമ്മ ഇറങ്ങിപ്പോയി. പിൻസീറ്റിൽ സീറ്റ് ബെൽറ്റൊക്കെയിട്ട് കിടന്ന കുഞ്ഞ് നല്ല ഉറക്കമായിരുന്നു. വൈകീട്ട് 5.30ന് കുഞ്ഞ് നഴ്സറിയിൽ ഇല്ലെന്ന് ഭർത്താവ് വിളിച്ചുപറഞ്ഞപ്പോഴാണ് അവർ അക്കാര്യം ഓർക്കുന്നത് തന്നെ.
കാറിനുള്ളിൽ മകളുണ്ടോ എന്ന് തിരക്കാനും ഭർത്താവ് പറയുകയുണ്ടായി. ഉടൻ തന്നെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിലെത്തി പരിശോധിച്ചപ്പോൾ പിൻസീറ്റിൽ അനക്കമില്ലാതെ കിടക്കുന്നത് കണ്ടു. ഉടൻ തന്നെ ഡോക്ടർ കുഞ്ഞിന് സി.പി.ആർ നൽകാൻ ശ്രമിച്ചു. എന്നിട്ടും അനക്കമൊന്നുമുണ്ടായില്ല.
ഭർത്താവ് വന്നപ്പോൾ കാണുന്ന കാഴ്ചയും ഇതായിരുന്നു. ഇരുവരും ചേർന്ന് കുഞ്ഞിനെ ആശുപത്രിയിലെ എമർജൻസി യൂനിറ്റിലേക്ക് കൊണ്ടുപോയി. ആറുമിനിറ്റോളം സി.പി.ആർ നൽകിയെങ്കിലും കുഞ്ഞ് നേരത്തേ തന്നെ മരിച്ചതായി അറിയിക്കുകയായിരുന്നു. മരണകാരണം കണ്ടെത്താൻ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ്.