ചേന്ദമംഗല്ലൂർ: ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിന് പൂർവ വിദ്യാർഥികളുടെ സ്നേഹോപഹാരമായി ഓപൺ എയർ ഓഡിറ്റോറിയം. 1980 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർഥികളാണ് മാതൃവിദ്യാലയത്തിന് മനോഹരമായ സ്റ്റേജും കരിങ്കൽപാകിയ വിശാലമായ ഓപൺ സ്പേസും ഇരിപ്പിടവും പൂന്തോട്ടവും ഗെയിറ്റും ഉൾക്കൊള്ളുന്ന ഓഡിറ്റോറിയം സമ്മാനിച്ചത്.
’80 സ്ക്വയർ’ എന്ന് നാമകരണം ചെയ്ത ഓഡിറ്റോറിയം മുൻ വിദ്യാദ്യസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീർ എം.പി ശനിയാഴ്ച സ്കൂളിന് സമർപ്പിക്കും. രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന ചടങ്ങിൽ ‘മാധ്യമം-മീഡിയവൺ’ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹിമാൻ, സ്കൂൾ മാനജർ കെ. സുബൈർ, ജനപ്രതിനിധികളും വിദ്യാർഥികളും സംബന്ധിക്കും.
പരിപാടിയോട് അനുബന്ധിച്ച് 1980 ബാച്ച് പൂർവ വിദ്യാർഥി സംഗമവും നടക്കും. ഹൈസ്കൂൾ കെട്ടിടത്തിന്‍റെ പുറകിലെ കാടുമൂടി കിടന്ന പാറകെട്ടാണ് പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയിൽ നാലു മാസം കൊണ്ട് മനോഹരമായ ഉദ്യാനവും ഓഡിറ്റോറിയവുമായി മാറിയത്.




















