തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ജൂൺ ആദ്യ ആഴ്ച ( ജൂൺ 3- 9 ) തെക്കൻ കേരളത്തിൽ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഈ കാലയളവിൽ സാധാരണ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യതയെന്നാണ് പ്രവചനം. മറ്റുള്ള ജില്ലകളിൽ ആദ്യ സാധാരണയെക്കാൾ കുറവ് മഴ ലഭിക്കാനാണ് സാധ്യത. രണ്ടാമത്തെ ആഴ്ചയിൽ ( ജൂൺ 10-16) എല്ലാ ജില്ലകളിലും സാധാരണ ഈ കാലയളവിൽ ലഭിക്കുന്ന മഴയെക്കാൾ കുറവ് മഴ ലഭിക്കാനാണ് സാധ്യതയെന്നും പ്രവചനമുണ്ട്.
അതേസമയം അടുത്ത 5 ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ജൂൺ 2, 3,5, 6 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത. ഇത് പ്രകാരം അടുത്ത ദിവസങ്ങളിൽ
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
02/06/2022: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്
03/06/2022: എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്
04/06/2022: പത്തനംതിട്ട, ഇടുക്കി
05/06/2022: പത്തനംതിട്ട, ഇടുക്കി
06/06/2022: ഇടുക്കി
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.