ന്യൂഡൽഹി∙ മദ്യനയക്കേസിൽ സിബിഐയ്ക്കു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ഒരാഴ്ചത്തെ സാവകാശം ചോദിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. സിസോദിയയുടെ അഭ്യർഥന സിബിഐ അംഗീകരിച്ചതായാണ് വിവരം. ഇന്നു ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ സിസോദിയയ്ക്ക് നോട്ടിസ് അയച്ചിരുന്നു. ധനമന്ത്രി കൂടിയായ തനിക്ക് ബജറ്റ് നടപടികൾ പൂർത്തീകരിക്കാനുള്ളതിനാൽ സമയം നീട്ടി നൽകണമെന്നാണ് സിസോദിയ ആവശ്യപ്പെട്ടത്.
‘അറസ്റ്റിനെ തനിക്ക് ഭയമില്ല. ഒരു ചോദ്യത്തിൽനിന്നും ഒളിച്ചോടുന്നുമില്ല. എന്നാൽ ഇത് ഡൽഹിയിലെ ജനങ്ങളുടെ കാര്യമാണ്. രാവും പകലുമില്ലാതെ ബജറ്റ് നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി കഷ്ടപ്പെടുകയാണ്. ഡൽഹിയിലെ ബജറ്റ് നടപടികൾ നടന്നുകൊണ്ടിരിക്കേ, ഇന്നലെ സിബിഐയുടെ നോട്ടിസ് ലഭിച്ചിരുന്നു. ബജറ്റ് പൂർത്തികരിക്കുന്നതിൽ താമസമുണ്ടാകാതിരിക്കാൻ ഒരോ ദിവസവും നിർണായകമാണ്’– സിസോദിയ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
ഇത് രാഷ്ട്രീയക്കളിയാണെന്നും സിസോദിയ പറഞ്ഞു. ഡൽഹി മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ബിജെപിക്കു പ്രതികൂലമായി വന്നതിനു പിറ്റേദിവസമാണ് തനിക്ക് നോട്ടിസ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സിസോദിയ ബജറ്റിന്റെ പേരിൽ ഒഴിവുകഴിവുകൾ പറയുകയാണെന്നും ഭയം കൊണ്ടാണ് അദ്ദേഹം സിബിഐയ്ക്കു മുന്നിൽ ഹാജരാകാത്തതെന്നും ബിജെപിയുടെ ഡൽഹി യൂണിറ്റ് അഭിപ്രായപ്പെട്ടു. ‘ഇന്നലെ വരെ ഒരു അഴിമതിയും നടന്നിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇന്നത്തെ അദ്ദേഹത്തിന്റെ ശരീരഭാഷ ഭയമാണ് സൂചിപ്പിക്കുന്നത്. സിബിഐയുടെ ചോദ്യങ്ങളെ സിസോദിയ ഭയക്കുന്നുണ്ടോയെന്നും ഡൽഹി ബിജെപി വക്താവ് ഹരീഷ് ഖുറാന ചോദിച്ചു.
2021 നവംബറിൽ ഡൽഹി സർക്കാർ ആവിഷ്കരിച്ച മദ്യനയം നടപ്പാക്കിയതിൽ ക്രമക്കേടുകളുണ്ടെന്ന ഡൽഹി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലഫ്. ഗവർണർ വി.കെ. സക്സേനയാണു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വിവാദത്തിനു പിന്നാലെ മദ്യനയം പിൻവലിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് നേരത്തെയും സിബിഐ സിസോദിയയെ ചോദ്യം ചെയ്തിട്ടുണ്ട്.