ന്യൂഡൽഹി∙ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നു സൂചന. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി നടക്കുന്നതിന്റെ ഭാഗമായാണ് സുരേഷ് ഗോപിയെയും ഉൾപ്പെടുത്തിയേക്കുമെന്ന വിവരം പുറത്തുവരുന്നത്.മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുധനാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ െജ.പി.നഡ്ഡ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിൽ 140 അംഗ നിയമസഭയിൽ ഒറ്റ ബിജെപി പ്രതിനിധി പോലും ഇല്ലെന്നത് പാർട്ടിയെ അലട്ടുന്നുണ്ട്. ഇതോടെയാണ് സുരേഷ് ഗോപിയെ വീണ്ടും രംഗത്തിറക്കാൻ പാർട്ടി ശ്രമിക്കുന്നത്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി തൃശൂരിൽ നിന്നാണ് മത്സരിച്ചത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും തൃശൂർ തന്നെയാകും സുരേഷ് ഗോപിയുടെ തട്ടകം. 2014ലാണ് സുരേഷ് ഗോപിയെ രാജ്യസഭാംഗമായി ബിജെപി തിരഞ്ഞെടുത്തത്. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് വിശാല മന്ത്രിസഭാ യോഗം തിങ്കളാഴ്ച വൈകീട്ട് ചേരും.