ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140.15 അടിക്ക് മുകളിലെത്തി. അണക്കെട്ടിൻറ് വൃഷ്ടി പ്രദേശമായ തമിഴ്നാട് അതിത്തിയോടു ചേർന്നുള്ള വനമേഖലയിൽ കഴിഞ്ഞ ദിവസം പെയ്ത മഴയും തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പുയരാൻ കാരണമായത്. നീരൊഴുക്ക് കുറഞ്ഞതോടെ ജലനിരപ്പുയരുന്നത് സാവധാനത്തിലായിട്ടുണ്ട്.
നിലവിൽ സെക്കൻറിൽ 511 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. മഴക്കാലം കഴിഞ്ഞതിനാൽ പരമാവധി സംഭരണ ശേഷിയായ 142 അടി വെള്ളം മുല്ലപ്പെരിയാറിൽ സംഭരിക്കാം. ജലനിരപ്പ് ഉയർന്നതിനാൽ കൂടുതൽ വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. സ്പിൽവേ വഴി ജലം ഇടുക്കിയിലേക്ക് തുറന്നു വിടേണ്ട സാഹചര്യമുണ്ടായാൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ജില്ല കളക്ടർ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.