തിരുവനന്തപുരം: സിവിൽ സപ്ലൈസ് കോർപറേഷന് കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ റേഷൻ കടകളുടെയും മുഖം മാറ്റാനൊരുങ്ങി സംസ്ഥാന സർക്കാർ. റേഷൻ കടകളെ കെ-സ്റ്റോർ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പറഞ്ഞു. കെ – സ്റ്റോറുകൾ വഴി റേഷൻ വിതരണവും നിത്യോപയോഗ സാധനങ്ങൾ വിൽക്കാനും സാധിക്കുന്ന തരത്തിലാവും മാറ്റമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
കെ ഫോൺ ഗുണഭോക്തൃ പട്ടിക തയ്യാറാക്കാൻ തദ്ദേശ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബിപിഎൽ വിഭാഗത്തിന് ആദ്യം നൽകുകയാണ് ലക്ഷ്യം. ലൈഫ് മിഷൻ വഴി 3.18 ലക്ഷം വീടുകൾ പൂർത്തിയാക്കി. ബാക്കി നിർമ്മാണ പ്രവർത്തനം ജാഗ്രതയോടെ മുന്നോട്ട് കൊണ്ട് പോകും.
വിസർജ്യം കലർന്ന വെള്ളമാണ് കേരളത്തിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ സ്ഥിതി മാറണം. എന്നാൽ മാലിന്യ നിർമ്മാർജ്ജന പദ്ധതി എവിടെ നടപ്പാക്കിയാലും എതിർപ്പാണ്. പെരിങ്ങമലയിൽ മാലിന്യ പ്ലാന്റ് പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു. എല്ലായിടത്തും ഇത് തന്നെയാണ് അവസ്ഥ. മാലിന്യ പ്ലാന്റ് വേണ്ടെന്ന് ജനം തീരുമാനിക്കുന്ന അവസ്ഥയാണ്. അത് ശരിയല്ല. ജനം സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.