തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്ത് തീർപ്പാക്കാനുള്ള ഇന്നത്തെ സമവായനീക്കങ്ങൾ ഫലം കണ്ടില്ല. ഒത്ത് തീർപ്പ് നിർദ്ദേശങ്ങളിൽ പലതിലും ധാരണയിലെത്തിയില്ല. ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ കൃത്യമായ ഉറപ്പ് നൽകിയാൽ ചർച്ചക്ക് തയ്യാറെന്നാണ് സമരസമിതി നിലപാട്. നാളെ സമരസമിതിയുമായി ചർച്ച നടത്തി അനുരജ്ഞനത്തിലെത്താനാണ് മന്ത്രിസഭാ ഉപസമിതി നീക്കം.
വിഴിഞ്ഞത്ത് സമവായത്തിനെത്തിനായി തിരക്കിട്ട ശ്രമങ്ങളാണ് ഇന്ന് നടന്നത്. സർക്കാറും മധ്യസ്ഥൻ്റെ റോളിലുള്ള കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാ ബാവയും സമരസമിതിയും പലതട്ടിൽ ആശയവിനിമയം നടത്തി. വൈകീട്ട് മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും യോഗം ചേർന്ന ശേഷം സമരസമിതിയുമായി ചർച്ച നടത്താനായിരുന്നു ധാരണ. എന്നാൽ അനുരജ്ഞന ചർച്ചകളിൽ ഉയർന്ന് വന്ന നിർദ്ദേശങ്ങളിൽ ഇനിയും വ്യക്തത ആകാത്തതിനാൽ സമരസമിതി-സർക്കാർ ചർച്ച നടന്നില്ല. തീരശോഷണം പഠിക്കാനുള്ള വിദഗ്ധസമിതിയിൽ സമരസമിതി നിർദ്ദേശിക്കുന്ന പ്രതിനിധിയെ വെക്കണമെന്ന ആവശ്യത്തിൽ സർക്കാർ വഴങ്ങിയിട്ടില്ല. തീരത്ത് നിന്നും മാറിതാമസിക്കുന്നവർക്കുള്ള വീട്ടുവാടക 5500 ൽ നിന്നും 8000 ആക്കാമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ കൂട്ടുന്ന തുക അദാനിഗ്രൂപ്പിൻറെ സിഎസ്ആർ ഫണ്ടിൽ നിന്നും നൽകാനായിരുന്നു നീക്കം. ഇതിനെ സമരസമിതി എതിർത്തു.
സർക്കാർ നൽകുന്ന ഉറപ്പുകൾ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കാമെന്നാണ് മറ്റൊരു നിർദ്ദേശം. ഇതിൽ സർക്കാരിന്‍റെയും സമരസമിതിയുടേയും പ്രതിനിധികൾ ഉണ്ടാകും. മറ്റ് ആവശ്യങ്ങൾ അംഗീകരിച്ചാൽ തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ട് പോകാൻ വരെ തയ്യാറെന്ന സൂചന സമരസമിതി നൽകുന്നുണ്ട്. നാളെ പകൽ വീണ്ടും അനുരജ്ഞന നീക്ക നടത്തി വൈകീട്ടോടെ മന്ത്രിസഭാ ഉപസമിതി സമരക്കാരുമായി ചർച്ച നടത്താനാണ് ശ്രമം. ഇതിനിടെ സമാധാനാ ദൗത്യവുമായി ഏഴ് പ്രമുഖരുടെ സംഘം വിഴിഞ്ഞം സന്ദർശിച്ചു. സമാധാന നീക്കം വൈകിപ്പോയെന്നാണ് തുറമുഖം വേണമെന്നാവശ്യപ്പെടുന്ന പ്രാദേശിക ജനകീയ കൂട്ടായ്മ വിമർശിച്ചത്.