അബുദാബി: ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് യുഎഇയിലെത്തി. അബുദാബി സ്‍പേസ് ഡിബേറ്റില്‍ പങ്കെടുക്കാനായാണ് ഇസ്രയേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം. അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ യുഎഇ വിദേശകാര്യ – അന്താരാഷ്‍ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ സ്വീകരിച്ചു. ഇസ്രയേലിലെ യുഎഇ അംബാസഡര്‍ മുഹമ്മദ് മഹ്‍മൂദ് അല്‍ ഖാജയും വിമാനത്താവളത്തിലെത്തിയിരുന്നു.
അബുദാബി അല്‍ ശാതി കൊട്ടാരത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, ഇസ്രയേല്‍ പ്രസിഡന്റിനെയും ഭാര്യയെയും സ്വീകരിച്ചു. യുഎഇയും ഇസ്രയേലും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും മേഖലയില്‍ പുരോഗതിയും സ്ഥിരതയും ഉറപ്പാക്കുന്നതിലുള്ള താത്പര്യവും ഇരു നേതാക്കളും അഭിപ്രായങ്ങള്‍ പങ്കുവെച്ചു. യുഎഇക്കും ഇസ്രയേലിനും താത്പര്യമുള്ള മറ്റ് വിഷയങ്ങളിലും ചര്‍ച്ചകള്‍ നടന്നു.
ആഗോള ബഹിരാകാശ ഗവേഷണ രംഗത്ത് മുന്‍നിരയില്‍ നില്‍ക്കുന്നവര്‍ തമ്മിലുള്ള ആശയവിനിമയവും സഹകരണവും സുസ്ഥിര വളര്‍ച്ചയ്‍ക്കായുള്ള അവസരങ്ങളും സാധ്യമാക്കുന്നതില്‍ അബുദാബി സ്‍പേസ് ഡിബേറ്റിനുള്ള പ്രാധാന്യം ചര്‍ച്ചകളില്‍ വിഷയമായി. യുഎഇയും ഇസ്രയേലും തമ്മില്‍ ബഹിരാകാശ രംഗത്ത് സഹകരിക്കേണ്ടതിന്റെ ആവശ്യകതകളും ചര്‍ച്ചയായി. യുഎഇ വിദേശകാര്യ – അന്താരാഷ്‍ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് സ്‍പെഷ്യല്‍ അഡ്വൈസര്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തനൂന്‍ അല്‍ നഹ്‍യാന്‍, ഇസ്രയേലിലെ യുഎഇ അംബാസഡര്‍ മുഹമ്മദ് മഹ്‍മൂദ് അല്‍ ഖാജ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
ഞായറാഴ്ച ബഹ്റൈന്‍ സന്ദര്‍ശിച്ച ശേഷമാണ് ഇസ്രയേല്‍ പ്രസിഡന്റ് യുഎഇയിലെത്തിയത്. ഇതാദ്യമായാണ് ഒരു ഇസ്രയേല്‍ രാഷ്‍ട്രത്തലവന്‍ ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്. ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ക്ഷണം സ്വീകരിച്ചാണ് ഹെര്‍സോഗ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഞായറാഴ്ച മനാമയിലെത്തിയത്. ബഹ്റൈന്‍ രാജാവ്‍ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി ഐസക് ഹെര്‍സോഗ് ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ശക്തമാക്കുന്നതിനുള്ള നടപടികളും രണ്ട് രാജ്യങ്ങള്‍ക്കും താത്പര്യമുള്ള പ്രാദേശിക – അന്താരാഷ്‍ട്ര വിഷയങ്ങളും ചര്‍ച്ചയായി.