പാലക്കാട് : ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം ഇത്തവണ സംസ്ഥാനത്തിന് ഇത്തവണ നഷ്ടമായത് 10 എം.ഡി സീറ്റുകളും 5 ഡിഎൻബി സീറ്റുകളും. പ്രവേശന പട്ടിക തയ്യാറാക്കിയുള്ള ഉത്തരവ് ഇറങ്ങിയത് അവസാന തീയതിയായ ഡിസംബർ 2 ന് രാത്രി 10 മണിക്ക്. ഉത്തരവിറങ്ങി 2 മണിക്കൂറിനകം അതാത് കോളേജുകളിലെത്തി പ്രവേശനം നേടാനായിരുന്നു നിർദേശം.ഇതോടെ പകുതിയിലേറെ പേർക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല.
കേരളത്തിലെ ആകെയുള്ള മെഡിക്കൽ പി ജി സിറ്റീന്റെ 10 ശതമാനം സർവീസ് കോട്ടയാണ്. ഇതിലെ 45 ശതമാനവും സർക്കാർ മെഡിക്കൽ കോളജിലെ എംബിബിഎസ് ഡോക്ടർമാർക്കായാണ് മാറ്റിവെച്ചിട്ടുള്ളത്. ഇത് പ്രകാരം 19 സീറ്റാണ് ഉള്ളത്. പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് എസ് സി എസ് ടി വകുപ്പിന് കീഴിൽ ആയതിനാൽ ഇവിടെയുള്ള ഡോക്ടർമാർക്ക് പ്രവേശനം നൽകാനാവില്ലെന്നായിരുന്നു ആരോഗ്യ വകുപ്പിൻ്റെ നിലപാട്. ഹൈക്കോടതിയും സുപ്രീം കോടതിയും പ്രവേശനം നൽകാൻ ഉത്തരവിട്ടു. നവംബർ 29നാണ് പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് അനുകൂലമായ അന്തിമ വിധി വന്നത്. പ്രവേശനത്തിന് അവസാന തീയതിയായ ഡിസംബർ 2നായി പിന്നെയും 3 ദിവസം ബാക്കി.
എന്നാൽ രണ്ടാം തിയതി രാത്രി 10 മണി വരെ ആരോഗ്യ വകുപ്പ് അനങ്ങിയില്ല.ഒടുവിൽ പ്രവേശനത്തിനുള്ള ഉത്തരവിറക്കിയത് രാത്രി 10.20ന്. രാത്രി 12 മണിക്കകം പ്രവേശനം നേടണമെന്നായിരുന്നു നിർദേശം. ഇതോടെ ദൂരസ്ഥലങ്ങളിലുള്ളവർ കുടുങ്ങി. നട്ട പാതിരയ്ക്ക് പ്രവേശനം നടക്കുന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
10 എം.ഡി സീറ്റ് , എംഡിക്ക് തുല്യമായ 5 ഡിഎൻബി സീറ്റ് എന്നിവയാണ് ഒഴിഞ്ഞ് കിടക്കുന്നത്.പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ കോടതിയെ സമീപിച്ചതാണ് പ്രവേശന നടപടികൾ വൈകാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. എന്നാൽ കോടതി വിധിയുണ്ടായിട്ടും പാലക്കാട് മെഡിക്കൽ കോളേജിൽ നിന്നുള്ളവരെ ഒഴിവാക്കാൻ ശ്രമിച്ചതാണ് സീറ്റ് നഷ്ട്ടപെടാൻ കാരണമെന്ന് ഡോക്ടർമാരും പറയുന്നു.ഇനിയും പ്രവേശനത്തിന് അവസരം വേണമെന്ന് ആവശ്യപെട്ട് ആരോഗ്യ വകുപ്പ് നാഷണൽ ബോര്‍ഡ് ഓഫ് എക്സാമിനേഷന് അപേക്ഷ നൽകിയിട്ടുണ്ട്.