തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട സംഘര്‍ഷം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗൗരവമുള്ള വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഉച്ചക്ക് ഒരു മണി മുതല്‍ രണ്ട് മണിക്കൂറാണ് ചര്‍ച്ച.130 ദിവസത്തിലധികമായി മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രദേശത്ത് നിലനില്‍ക്കുന്ന ഗുരുതരമായ സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എം വിന്‍സന്‍റ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.
വിഴിഞ്ഞത്ത് ഇന്നും സമവായ നീക്കങ്ങൾ തുടരുന്നുണ്ട്. ഇന്നലെ മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും തമ്മിൽ ചർച്ച നടത്തിയെങ്കിലും സമരസമിതിയുമായി ചർച്ച നടത്താനായിരുന്നില്ല.കൃത്യമായ ഉറപ്പ് സർക്കാരിൽ നിന്ന് ലഭിക്കുകയാണെങ്കിലേ ചർച്ചയ്ക്കുള്ളൂ എന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്.തുടർചർച്ചകൾ നടത്തി ഇക്കാര്യങ്ങൾ സമരസമിതിയെ അറിയിക്കാനാണ് സർക്കാർ നീക്കം.ഇതിന് ശേഷം ഇന്ന് വൈകീട്ടോടെ മന്ത്രിസഭാ ഉപസമിതിയും സമരസമിതിയും തമ്മിൽ ചർച്ച നടത്താനാണ് ശ്രമം.ഈ ചർച്ച വിജയിച്ചാൽ മുഖ്യമന്ത്രിയും സമരക്കാരെ കണ്ടേക്കും.കഴിഞ്ഞദിവസങ്ങളിലെ അനുരഞ്ജന നീക്കങ്ങൾ വിലയിരുത്താനായി ഇന്നും സമരസമിതി യോഗം ചേരും.