കാസ്പിയൻ കടലിന്റെ റഷ്യൻ തീരത്ത് ചത്തടിഞ്ഞ നിലയിൽ രണ്ടായിരത്തിയഞ്ഞൂറോളം സീലുകളെ കണ്ടെത്തി. നോർത്ത് കോക്കസസ് പ്രദേശത്തെ അധികാരികൾ ഇക്കാര്യം സ്ഥിരീകരിച്ചു. കാസ്പിയൻ കടലിൽ കാണപ്പെടുന്ന ഒരേയൊരു ജീവജാലമായ കാസ്പിയൻ സീലിനെ 2008 മുതൽ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.
ഡാഗെസ്താനിലെ നാച്ചുറൽ റിസോഴ്സസ് മന്ത്രാലയം പറയുന്നത് പാരിസ്ഥിതികമായ കാരണങ്ങളാകാം ഇത്രയധികം സീലുകൾ ചത്തുപൊങ്ങാൻ കാരണമായി തീർന്നത് എന്നാണ്. കൂടാതെ ഇനിയും അധികം സീലുകൾ ചത്തിട്ടുണ്ടാകുമോ എന്ന ആശങ്കയും മന്ത്രാലയം പങ്കു വച്ചു.
രണ്ടാഴ്ച മുമ്പായിരിക്കണം ഇവ ചത്തത് എന്ന് കരുതുന്നു. എന്നാൽ, എന്തെങ്കിലും അക്രമം നടന്നതിന്റെയോ മീനിനെ പിടിക്കുന്നതിനുള്ള വലയിൽ കുടുങ്ങിയതിന്റെയോ ഒന്നും ലക്ഷണങ്ങൾ ഇല്ല. റഷ്യ, കസാക്കിസ്ഥാൻ, അസർബൈജാൻ, ഇറാൻ, തുർക്ക്മെനിസ്ഥാൻ എന്നീ അഞ്ച് രാജ്യങ്ങളാണ് കാസ്പിയൻ കടലിന്റെ അതിർത്തിയായി വരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇൻലാൻഡ് ജലാശയമാണ് കാസ്പിയൻ കടൽ.
ശനിയാഴ്ചയാണ് തീരത്ത് സീലുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. ആദ്യം പറഞ്ഞത് 700 എണ്ണത്തെയാണ് ചത്ത നിലയിൽ കണ്ടെത്തിയത് എന്നാണ്. എന്നാൽ, ഇത് പിന്നീട് 2500 ആയി ഉയരുകയായിരുന്നു എന്ന് പരിസ്ഥിതി മന്ത്രാലയം പറയുന്നു. കൂടുതൽ സീലുകൾ ചത്തിട്ടുണ്ടോ എന്ന് ഇവിടെ പരിശോധന തുടരുകയാണ്. അതേസമയം തന്നെ സീലുകൾ ചത്തതിന്റെ കാരണം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. അത് കണ്ടെത്തുന്നതിനായി ചത്ത സീലുകളെ പരിശോധിക്കും.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) പറയുന്നത് അനുസരിച്ച്, അമിതമായ വേട്ടയാടൽ, ആവാസവ്യവസ്ഥയുടെ തകർച്ച, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം കാരണം കാസ്പിയൻ സീലുകളുടെ എണ്ണം കുറഞ്ഞു വരികയാണ്.