കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും യുവതി തട്ടിയെടുത്ത നവജാതശിശുവിനെ തിരിച്ചു കിട്ടിയതിൽ നിർണായകമായത് ടാക്സി ഡ്രൈവറുടെ ഇടപെടൽ. തട്ടിയെടുത്ത കുഞ്ഞുമായി നഗരത്തിലെ ഹോട്ടലിൽ എത്തിയ യുവതി ഇവിടെ നിന്നും ടാക്സി വിളിച്ച് കൊച്ചിയിലേക്ക് കടക്കാനാണ് ലക്ഷ്യമിട്ടത്. ഇവർക്കൊപ്പം ഒരു ആൺകുട്ടിയും ഉണ്ടായിരുന്നു. കുഞ്ഞുമായി ഹോട്ടലിൽ എത്തിയ യുവതി റിസപ്ഷനിലേക്ക് വിളിച്ച് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകാൻ ഒരു ടാക്സി വേണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഹോട്ടൽ ജീവനക്കാർ സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നും അലക്സ് എന്നയാളുടെ ടാക്സി വിളിച്ചു വരുത്തി. അമൃതയിലേക്കാണ് യാത്രയെന്നും ഒരുനവജാത ശിശുവിനെ കൊണ്ടു പോകാനാണെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞതോടെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഒരു നവജാത ശിശുവിനെ കാണാതായിട്ടുണ്ടെന്ന വിവരം അലക്സ് ഇവരെ അറിയിച്ചു.
തുടർന്ന് അലക്സ് ഹോട്ടൽ മാനേജറേയും മാനേജർ പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ ഹോട്ടലിൽ എത്തിയ പോലീസ് സംഘം കുഞ്ഞിനെ വീണ്ടെടുക്കുകയും യുവതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് ഗാന്ധിനഗർ പോലീസ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് അമ്മയ്ക്ക് കൈമാറി. കളമശ്ശേരി സ്വദേശിനിയായ നീതു (23) ആണ് കസ്റ്റഡിയിലുള്ളത് എന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്. ഇവരെ കോട്ടയം എസ്.പി ഡി.ശിൽപയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്യുകയാണ്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവതി പറയുന്നതെന്നാണ് പോലീസ് നൽകുന്ന സൂചന.