തിരുവനന്തപുരം∙ വിഴിഞ്ഞത്ത് അദാനിയും സര്‍ക്കാരും തമ്മില്‍ ധാരണയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. സൈന്യത്തെ വേണമെന്ന് അദാനി പറഞ്ഞു. എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. സമരം തുടങ്ങുന്നതിന് മുൻപ് പ്രതിപക്ഷം വിഷയം സഭയിൽ ഉയർത്തി. അവരുടെ ദുരിതം നേരിട്ടു കണ്ടത് കൊണ്ടാണ് കൈകൂപ്പി അഭ്യർഥിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിമന്റ് ഗോഡൗണിൽ 2 ആഴ്ച പ്രായമുള്ള കുഞ്ഞ് ഈച്ച പൊതിഞ്ഞ് കിടക്കുന്നത് കണ്ടു. പുനരധിവാസത്തിന്റെ ഉത്തരവാദിത്തം സർക്കാരിനാണ്. പാക്കേജിലെ 475 കോടിയിൽ 375 കോടിയും പുനരധിവാസത്തിനാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അദാനി സേനയെ വിളിക്കാൻ ഹൈക്കോടതിയിൽ ഹർജി നൽകി. അദാനിയുടെ ഹര്‍ജി വരുന്നതിന് മുന്‍പ് ആര്‍ച്ച് ബിഷപ്പിനെതിരെ കേസെടുത്തു. നാല് ദിവസം മുൻപ് ആർച്ച് ബിഷപ്പിനും സഹായ മെത്രാനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. മത്സ്യത്തൊഴിലാളികളെ രാഷ്ട്രീയ നേതാക്കളെക്കാൾ ചേർത്ത് നിർത്തിയത് സഭാ നേതാക്കളാണെന്നും സതീശൻ അടിയന്തര പ്രമേയ ചർച്ചയിൽ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവച്ച് പഠനം നടത്തണമെന്ന ആവശ്യത്തോട് യോജിപ്പില്ല. മാനസികവും സാമ്പത്തികവുമായ നിരവധി വെല്ലുവിളികൾ നേരിടുന്നവരാണ് മത്സ്യത്തൊഴിലാളികളെന്നും വീടുകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു.
തുറമുഖത്തിന്റെ ഭാഗമായി വീടുകൾ നഷ്ടമാകുന്നവരുടെ പുനരധിവാസത്തിന് 375 കോടി രൂപയാണ് യുഡിഎഫ് സർക്കാർ നീക്കിവച്ചത്. എൽഡിഎഫ് സർക്കാർ തുക ഉപയോഗപ്പെടുത്തിയില്ല. പ്രതിഷേധിച്ച ലത്തീൻ സഭയുടെ ബിഷപ്പിനെതിരെപോലും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മത്സ്യത്തൊഴിലാളികളുടെ സങ്കടങ്ങളിൽ അവരെ മറ്റാരെക്കാളും ചേർത്തു പിടിക്കുന്നത് സഭാ നേതൃത്വമാണ്. പ്രകോപനമുണ്ടാക്കാനാണ് ബിഷപ്പിനെതിരെ കേസെടുത്തത്. കാണാതായവരെ അന്വേഷിച്ചുപോയ പള്ളിക്കമ്മിറ്റിക്കാരെ അറസ്റ്റു ചെയ്തതും പ്രകോപനമുണ്ടാക്കാനാണ്. വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വിളിക്കാനുള്ള അന്തരീക്ഷം ഒരുക്കാനുള്ള ധാരണ അദാനിയുമായി സർക്കാർ ഉണ്ടാക്കിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നതായി വി.ഡി.സതീശൻ പറഞ്ഞു.
കേന്ദ്ര സേനയെ വിളിക്കാൻ അനുകൂല നിലപാടാണ് സംസ്ഥാന സർക്കാർ കോടതിയിൽ സ്വീകരിച്ചത്. പ്രശ്നം ആളിക്കത്തിച്ച് ജനവിഭാഗത്തിനിടയിൽ സംഘർഷം ഉണ്ടാക്കാൻ സർക്കാർ ശ്രമിക്കരുത്. വിഴിഞ്ഞത്ത് ഏറ്റവും പ്രധാനപ്പെട്ടത് പുനരധിവാസമാണ്. മത്സ്യത്തൊഴിലാളികൾക്ക് മാന്യമായി താമസിക്കാനുള്ള അവസരമൊരുക്കണം. വികസനത്തിന്റെ ഇരകളായ അവരെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനാണ്. മണ്ണെണ്ണയ്ക്ക് ലീറ്ററിനു 130 രൂപയായ സാഹചര്യത്തിൽ സബ്സിഡി വർധിപ്പിക്കാൻ സർക്കാർ തയാറാകണം. വിദഗ്ധസമിതിയിൽ സമരസമിതിയുടെ പ്രതിനിധിയെ ഉൾപ്പെടുക്കാൻ എന്താണ് തടസമെന്നു മനസിലാകുന്നില്ല. മത്സ്യത്തൊഴിലാളികളുമായി ചർച്ച ചെയ്യില്ല എന്ന് മുഖ്യമന്ത്രി നിലപാടെടുത്തത് വിസ്മയിപ്പിക്കുന്നു. മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്നും വി.ഡി.സതീശൻ പറഞ്ഞു.