തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരം പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിഴിഞ്ഞം സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 140–ാം ദിവസമാണ് സമരം അവസാനിക്കുന്നത്.ഉന്നയിച്ച എല്ലാ കാര്യങ്ങളിലും തീരുമാനമായില്ലെന്ന് സമരസമിതി ജനറല്‍ കണ്‍വീനർ മോണ്‍. യൂജിന്‍ എച്ച്.പെരേര അറിയിച്ചു. കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പ്രതിമാസ വാടക 5,500 രൂപ തന്നെയാണ്. പഠനസമിതിയിൽ പ്രാദേശിക പ്രതിനിധി വേണമെന്നതിലും തീരുമാനമായില്ല.
തീരശോഷണത്തിൽ കൂടുതൽ പഠനങ്ങൾ വേണമെന്ന് സമരസമിതി അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാമെന്നാണ് ധാരണ. തുറമുഖ സെക്രട്ടറിയും കമ്മിറ്റിയിൽ അംഗമാണ്. തുറമുഖ നിർമാണം തടസ്സപ്പെടുത്തില്ല. ആഘാതത്തെക്കുറിച്ച് പഠനം തുടരുമെന്നും സമരസമിതി അറിയിച്ചു.
ഇന്നു വൈകിട്ട് ചീഫ് സെക്രട്ടറിയുമായും ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതിയുമായും സമരസമിതി ചർച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.